ബംഗളൂരു: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.സ്നേഹത്തിന് ഭാഷയോ വർഗമോ ഇല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് തന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ വിട്ടുപിരിയാതെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന വൈറലായ കുരങ്ങിന്റ ദൃശ്യങ്ങള്‍. 85കാരിയായ പാർവതമ്മയുടെ മൃതദേഹത്തിന് അരികിലിരുന്ന് കരയുന്ന കുരങ്ങാണ് ലക്ഷക്കണക്കിന് ആളുകളുടെ കണ്ണ് നനയിച്ചത്. കർണാടകയിലെ രായര ദൊഡ്ഡിയിലാണ് കരളലിയിക്കുന്ന സംഭവം.കഴിഞ്ഞ ദിവസമായിരുന്നു വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പാർവതമ്മയുടെ അന്ത്യം. വർഷങ്ങളായി തന്റെ വീടിന് പരിസരത്തെത്തുന്ന കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് പാർവതമ്മയുടെ പതിവായിരുന്നു. പലരും കുരങ്ങുകളെ ശല്യക്കാരായി കണ്ട് ആട്ടിയോടിച്ചപ്പോള്‍ പാർവതമ്മ അവരെ കൂട്ടുകാരായി കണ്ട് സ്നേഹത്തോടെ ഭക്ഷണവും വെള്ളവും നല്കിപ്പോന്നു. ഈ സ്നേഹമാണ് പാർവതമ്മയുടെ വിടവാങ്ങല്‍ ചടങ്ങ് എല്ലാവരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയായി മാറിയത്.അന്തിമോപചാരം അർപ്പിക്കാൻ ആളുകള്‍ തടിച്ചുകൂടിയപ്പോള്‍, ഭക്ഷണത്തിന് വേണ്ടിയല്ല മറിച്ച് തന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ അവസാനമായി കാണാനാണ് ആ കുരങ്ങൻ എത്തിയത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ ശാന്തനായി നടന്നു വന്ന കുരങ്ങ് പാർവതമ്മയുടെ മൃതദേഹത്തിന് അരികില്‍ ഇരിക്കുകയും, അവരുടെ മുഖത്തോട് മുഖം ചേർത്ത് കണ്ണ് അടച്ചുപിടിച്ച് ദുഃഖം പ്രകടിപ്പിക്കുകയുമായിരുന്നു.
മരണത്തിലും പിരിയാത്ത സ്നേഹം; അന്നദാതാവിന്റെ വിയോഗത്തില്‍ വിതുമ്പി കുരങ്ങൻ, കണ്ണ് നനയിക്കുന്ന കാഴ്ച
previous post