ഒരു ആവേശത്തില്‍ സ്ത്രീകളുടെ ശാരീരികക്ഷമതയെ വെല്ലുവിളിച്ച മധ്യവയസ്കന് ബെറ്റ് വച്ച് നഷ്ടമായത് നാല് ലക്ഷം രൂപ.കര്‍ണാടക കോലാറിലെ കരഞ്ഞിക്കാട്ടെയിലാണ് (ബെംഗളൂരുവില്‍ നിന്ന് 65 കി.മീ.) സംഭവം. ചൊവ്വാഴ്‌ച ഫിഫ്ത്ത് ക്രോസില്‍ രാത്രി ഭക്ഷണത്തിനു ശേഷമുള്ള അയല്‍വാസികള്‍ എല്ലാരും കൂടെ സംസാരിക്കുകയായിരുന്നു. സ്ത്രീകള്‍ കേദാർനാഥിലേക്കും ബദരീനാഥിലേക്കും തീർഥാടനം നടത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മധ്യവയ്കനായ അയല്‍വാസി ഇടപെട്ടു.
ഒരുപാട് ദൂരം നടക്കാനും ട്രെക്കിംഗും ഒക്കെ ഉള്ളതിനാല്‍ നിങ്ങളെ കൊണ്ടൊന്നും നടക്കില്ല എന്നാണ് അയല്‍വാസി സ്ത്രീകളെ പരിഹസിച്ചത്. ദുഷ്‌കരമായ യാത്ര നടത്താനുള്ള കരുത്തും നിശ്ചയദാർഢ്യവും തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കി സ്ത്രീകള്‍ അദ്ദേഹത്തെ എതിർത്തു. ഇതോടെ ആവേശം മൂത്ത അയല്‍വാസി ഒരു വെല്ലുവിളി നടത്തി. “ഇപ്പോള്‍ അടുത്തുള്ള പട്ടണമായ നരസാപുരയിലേക്ക് (15 കിലോമീറ്റർ അകലെയുള്ള) നിർത്താതെ ആരെങ്കിലും നടന്നാല്‍, അവർക്ക് 10 ഗ്രാം സ്വർണ്ണം നല്‍കാം” – ഇതായിരുന്നു വെല്ലുവിളി.
സ്വർണത്തിന് പകരം ഒരു ലക്ഷം രൂപ പണമായി നല്‍കാമോ എന്ന് സത്രീകള്‍ തിരികെ ചോദിച്ചു. സ്ത്രീകള്‍ക്ക് സംസാരിക്കാൻ മാത്രേ കഴിയൂ എന്ന് അപ്പോഴും വിശ്വസിച്ചിരുന്ന അയല്‍വാസി ഈ അഭ്യർത്ഥന അംഗീകരിക്കുകയും ചെയ്തു. നിബന്ധനകള്‍ നിശ്ചയിക്കുകയും ഭര്‍ത്താക്കന്മാര്‍ പിന്തുണ നല്‍കുകയും ചെയ്തതോടെ എല്ലാവരും ബെറ്റിന് തയാറായി. സ്ത്രീകള്‍ തോറ്റാല്‍ ഒരാള്‍ 50,000 രൂപ വീതം അയല്‍വാസിക്ക് നല്‍കണം.
രാത്രി 10.45ഓടെയാണ് സ്ത്രീകള്‍ രാത്രി നടത്തം തുടങ്ങിയത്. ഒരു കാർ മുന്നിലും ഒരെണ്ണം പിന്നിലുമായി അകമ്ബടിയായി. അഞ്ച് കിലോമീറ്റര്‍ ആയതോടെ അയല്‍വാസിക്ക് ചെറുതായി അപകടം മണത്തു. 10,000 രൂപ വീതം വാഗ്ദാനം ചെയ്ത് ബെറ്റില്‍ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീകള്‍ ചിരിച്ചുകൊണ്ട് നടത്തം തുടർന്നു. നടത്തം 10 കിലോമീറ്റർ പിന്നിട്ടതോടെ പെട്ടു എന്ന് മനസിലാക്കിയ അല്‍വാസി ഓഫർ 50,000 രൂപയായി ഉയർത്തി. എന്നാല്‍, വിട്ടുകൊടുക്കാൻ സ്ത്രീകള്‍ തയാറല്ലായിരുന്നു.
ഒടുവില്‍ അയല്‍വാസിയായ മധ്യവയസ്കനെയും അദ്ദേഹത്തെ പിന്തുണച്ച് നിന്നവരെയും ഇളഭ്യരാക്കി കൊണ്ട് പുലർച്ചെ 1.10 ന് സ്ത്രീകള്‍ വിജയകരമായി നരസപുരയില്‍ എത്തി. നേരത്തെ സമ്മതിച്ചതുപോലെ, 50,000 രൂപ വീതം സ്ഥലത്തുവെച്ചുതന്നെ കൈമാറി. ബാക്കിയുള്ളത് വാരാന്ത്യത്തില്‍ തീർക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.