ബെംഗളൂരുവില്‍ മലയാളി യുവാവ് ദുരൂഹത സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയില്‍.തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍റെ മരണത്തിലാണ് ബെംഗളൂരുവില്‍ ഒപ്പം താമസിച്ചിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ലിബിന്‍റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.കഴിഞ്ഞ ശനിയാഴ്ച തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായ ലിബിൻ തിങ്കളാഴ്ചയാണ് മരിച്ചത്. കുളിമുറിയില്‍ വീണ് പരിക്കേറ്റെന്നായിരുന്നു വീട്ടുകാർക്ക് കിട്ടിയ വിവരം. കൂടെയുണ്ടായിരുന്നവരാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്.
എന്നാല്‍, മുറിവില്‍ ആസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി ലിബിന്‍റെ സഹോദരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഒപ്പം താമസിച്ചിരുന്നവർ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും തലയിലെ മുറിന് കുളിമുറിയില്‍ വീണപ്പോള്‍ സംഭവിച്ചത് പോലെയല്ലെന്ന് ഡോക്ടർ പറഞ്ഞതായും ലിബിന്‍റെ സഹോദരി ആരോപിച്ചിരുന്നു. ബെംഗളൂരു നിംഹാൻസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ലിബിന്‍റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഹെബ്ബ ഗുഡി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണിപ്പോള്‍ കൂടെ താമസിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തത്. മരിച്ച യുവാവിന്‍റെ ആന്തരികാവയവങ്ങള്‍ 8 പേർക്ക് ദാനം ചെയ്തതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.
അതേസമയം പാലക്കാട് കൊപ്പത്ത് അയല്‍വാസികള്‍ തമ്മിലുള്ള സംഘർഷത്തിനിടെ അച്ഛനും മകനും വെട്ടേറ്റു. മണ്ണങ്കോട് സ്വദേശികളായ സ്വാമി മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ വിനോദ് ആണ് മടവാള്‍ കൊണ്ട് ഇവരെ വെട്ടി പരിക്കേല്പിച്ചത്. വിനോദിനെ കൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിനോദിന്‍റെ സ്ഥലത്തിന്‍റെ അതിർത്തിയില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയായിരുന്നു. റോഡിന് ഇരുവശവുമാണ് ചാമിയുടെയും വിനോദിന്റെയും വീടുകള്‍.
വിനോദിന്‍റെ സ്ഥലത്ത് മതില്‍ കെട്ടിയാല്‍ റോഡിനു വീതി കുറയും എന്ന് പറഞ്ഞ് കുറച്ചു നാളായി തർക്കം നിലനില്‍ക്കുന്നുണ്ട്. ഇന്ന് രാവിലെ മതില്‍ കെട്ടാൻ പണിക്കാർ എത്തിയപ്പോള്‍ ചാമിയുടെ മകൻ വൈശാഖ് ചോദിക്കാൻ വരുകയും ഇതുകണ്ട വിനോദ് മടാള്‍ ആയി വരുകയായിരുന്നു. വീട്ടിലേക്ക് ഓടാൻ ശ്രമിച്ച വൈശാഖിന്റെ വീട്ട് മുറ്റത്ത് ഇട്ട് വെട്ടുകയായിരുന്നു. രക്ഷിക്കാൻ ഓടിവന്ന ചാമിക്കും വെട്ടേറ്റു. ഇരുവരെയും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.