ബെംഗളൂരു: കർണാടക സർക്കാർ വിഐപി യാത്രകള്‍ക്കായി ഉയർന്ന നിലവാരമുള്ള ഹെലികോപ്റ്ററുകളും പ്രത്യേക വിമാനങ്ങളും വാടകയ്ക്കെടുക്കാൻ തീരുമാനിച്ചു.ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സുരക്ഷയും സർക്കാർ ബഡ്ജറ്റും പരിഗണിച്ച് പുതിയ കോപ്റ്ററുകള്‍ വാങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പകരം ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനം എടുത്തു. അത്യാവശ്യ ഘട്ടങ്ങളിലും പ്രത്യേക അവസരങ്ങളിലും വിഐപികളുടെ യാത്രാ സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.വിധാൻ സൗധയില്‍ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം വന്നത്. ഹെലികോപ്റ്റർ, പ്രത്യേക വിമാന സർവീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചർച്ച ചെയ്തു. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് പകരം വാടകയ്ക്കെടുക്കാമെന്ന് മന്ത്രിമാരാണ് നിര്‍ദ്ദേശിച്ചത്.ഹെലികോപ്റ്റർ വാങ്ങാനായി എച്ച്.എ.എല്‍. (ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്) നെ സമീപിച്ചിരുന്നതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. കോപ്റ്റർ നിർമ്മിച്ച് ഡെലിവറി ചെയ്യാൻ കൂടുതല്‍ സമയമെടുക്കുമെന്ന് അറിയിച്ചു. എച്ച്.എ.എല്‍. തന്നെ ഹെലികോപ്റ്ററുകള്‍ നിർമ്മിക്കുന്നുണ്ട്. എയർ ഷോയില്‍ വെച്ച് താനും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും അവ കണ്ടിരുന്നതായി മന്ത്രി പറഞ്ഞു. “അവിടുത്തെ ഹെലികോപ്റ്റർ നല്ലതായിരുന്നു. അവർ അതിന്റെ പരിപാലനവും നടത്തുന്നു. അതിനാല്‍ ഞങ്ങള്‍ അവരുടെ സേവനങ്ങള്‍ അഭ്യർത്ഥിച്ചിരുന്നു. സേവനം വൈകുമെന്ന് അവർ അറിയിച്ചതിനാല്‍ മറ്റൊരു ഏജൻസിയെ അവർ ശുപാർശ ചെയ്തിട്ടുണ്ട്,” ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.വിശ്വസനീയമായ സേവനം ഉറപ്പാക്കുന്നതിനു കൂടി വേണ്ടിയാണ് വാടകയ്ക്ക് എടുക്കാനുള്ള ഈ തീരുമാനമെന്ന് ശിവകുമാർ പറഞ്ഞു. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മറ്റൊരു യോഗം കൂടി ചേരും. സാങ്കേതിക വൈദഗ്ധ്യമുള്ളവരെയാണ് ഇതിനായി പരിഗണിക്കുന്നത്. മറ്റ് സർക്കാരുകള്‍ക്ക് സമാനമായ നല്ല സേവനം നല്‍കിയവരെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂർ അടിസ്ഥാനത്തില്‍ കണക്കാക്കിയാണ് വാടകയ്ക്കെടുക്കുക. വി.ഐ.പി.കളുടെ സുരക്ഷയ്ക്ക് ഏറ്റവും മുൻഗണന നല്‍കുക എന്നതും ലക്ഷ്യമാണെന്ന് മന്ത്രി അറിയിച്ചു.വിവിധ ഏജൻസികളില്‍ നിന്ന് ലഭിക്കുന്ന ടെൻഡറുകള്‍ വിശദമായി പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.അടുത്തകാലത്ത് ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കില്‍ പെട്ട് പല ഇതര സംസ്ഥാന നേതാക്കളും വിഐപികളും കുടുങ്ങിയ സ്ഥിതി വന്നിരുന്നു. പലപ്പോഴും പ്രധാനപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാൻ വരുന്ന വിഐപികള്‍ക്ക് ട്രാഫിക് ബ്ലോക്കില്‍ പെട്ട് യോഗത്തില്‍ പങ്കെടുക്കാൻ കഴിയാതെ വരാറുണ്ട്.