കോട്ടയം: അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ 13 വരെ ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ല കലക്ടര്‍ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ഞായറാഴ്ച മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 മുതല്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്ത മഴയായി കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസം വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട സ്ഥലങ്ങളില്‍ അതിനോട് സഹകരിക്കണം.അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ കരുതി മാറി താമസിക്കണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.
അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയാറാക്കി െവക്കണം. നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്പാലങ്ങളില് കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ചും ജാഗ്രത വേണം. 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രതവേണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.