ന്യൂഡല്‍ഹി: നടിയും ബിജെപി ദേശിയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ വനിതാ ശിശുവികസന മന്ത്രാലയം നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്താ കുമാരി, മേഘാലയയിലെ ഡെലീന ഖോങ്ദുപ്പ് എന്നിവരാണ് കമ്മീഷനിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മറ്റു അംഗങ്ങള്‍.
‘ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ നേതൃത്വത്തില്‍ രാജ്യം വളര്‍ച്ചയുടെ പുരോഗതിയിലാണ്. സ്ത്രീകളുടെ ശാക്തീകണത്തിനും സംരക്ഷണത്തിനമായും താന്‍ ആത്മാര്‍ത്ഥമായ പോരാട്ടം തുടരും’ ഖുശ്ബു ട്വീറ്റ് ചെയ്തു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് ഖുശ്ബു. നടിയും നിര്‍മ്മാതാവും കൂടിയായ ഖുശ്ബു ഡിഎംകെയിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വക്താവായിരിക്കെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഡിഎംകെ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.
ഖുശ്ബുവിന്റെ നിയമനം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം നടത്തിയ പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നന് ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
1990-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം 1992 ജനുവരി 31-ന് രൂപീകരിക്കപ്പെട്ട ഒരു നിയമപരമായ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷന്. പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയായോ സ്ത്രീകളുടെ ഭരണഘടനാ താല്‍പ്പര്യങ്ങളും നിയമപരമായ സംരക്ഷണവും നടപ്പിലാക്കുന്ന വനിതാ കമ്മീഷന് മുന്‍പാകെ നിരവധി കേസുകള്‍ എത്താറുണ്ട്.