Home Featured ബെംഗളൂരു : നഗരത്തിൽ നിയമംലംഘിച്ചു നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ

ബെംഗളൂരു : നഗരത്തിൽ നിയമംലംഘിച്ചു നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ

by admin

ബെംഗളൂരു : നഗരത്തിൽ നിയമംലംഘിച്ചു നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ. കഴിഞ്ഞദിവസം തീപ്പിടിത്തത്തിൽ അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്നാണ് നടപടിയ്ക്ക് ഒരുങ്ങുന്നത്. കെആർ പുര മാർക്കറ്റിന് സമീപം തീപ്പിടിത്തമുണ്ടായ കെട്ടിടവും ഇതിന് അടുത്ത കെട്ടിടവും നിർമിച്ചിരിക്കുന്നത് നിയമംലംഘിച്ചുകൊണ്ടാണെന്ന് കണ്ടെത്തിയിരുന്നു. നഗരത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.

അനുമതിയില്ലാതെ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് അടക്കുള്ള നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ 70 ശതമാനം കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത് നിയമം ലംഘിച്ചാണ്. ഈകെട്ടിടങ്ങൾ കണ്ടെത്തി നടപടിയെടുക്കുമെന്ന് ശിവകുമാർ അറിയിച്ചു. ഇതിന്റെ ആദ്യപടിയായി പ്രത്യേക പരിശോധന നടത്തും. തെറ്റുതിരുത്താൻ അവസരംനൽകും. ഇതിന് തയ്യാറാകാതെ വന്നാൽ അടുത്തഘട്ടനടപടി സ്വീകരിക്കും.

കെട്ടിടങ്ങൾ നിയമാനുസൃതമാക്കാൻ ഉടമകൾതയ്യാറാകണം. ഇതിനുവേണ്ട മാറ്റങ്ങൾ വരുത്തണം. ഇതിന് സാധിച്ചില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമെന്ന് ശിവകുമാർ വ്യക്തമാക്കി. തീപ്പിടിത്തംപോലെ അടിയന്തരഘട്ടത്തിൽ രക്ഷാസേനയ്ക്ക് എത്തുന്നതിന് അടക്കമുള്ള സ്ഥലസൗകര്യമില്ലാതെ നിർമിച്ച കെട്ടിടങ്ങൾ ഒട്ടേറെയുണ്ട്. ഇതിനൊപ്പം കാലപ്പഴക്കംമൂലം ബലക്ഷയമുണ്ടായി അപകടഭീഷണി ഉയർത്തുന്നവയുമുണ്ട്. ഇത്തരത്തിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

രണ്ട്, മൂന്ന് നിലകളുള്ള കെട്ടിട നിർമാണത്തിന് അനുമതി നേടിയതിനുശേഷം 10 നിലകളിൽ കൂടുതൽ നിർമിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. ഇവർക്കെതിരേയും നടപടിയെടുക്കും. അനധികൃത കെട്ടിടങ്ങൾക്കെതിരേ നടപടിയുണ്ടാകുമെങ്കിലും ഉടൻതന്നെ ഇവ പൊളിച്ചുനീക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ദുർബലമായ കെട്ടിടങ്ങൾ ബലപ്പെടുത്താനുള്ള നടപടി സ്വീകരിച്ചാൽ ഇളവ് നൽകും. പിഴഅടച്ചു അനുമതി നൽകുന്നവരെയും ഒഴിവാക്കും.

പുതിയകെട്ടിടങ്ങൾ നിർമിക്കുമ്പോൾ നിയമലംഘനം ഒഴിവാക്കാനുള്ള പുതിയനിർദേശം അടങ്ങുന്ന ബിൽ കഴിഞ്ഞദിവസം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. നിയമംലംഘിച്ചു നിർമിച്ച കെട്ടിടങ്ങളുടെ പ്ലാനുകൾ തയ്യാറാക്കിയ ആർക്കിടെക്ടിനും എൻജിനിയർക്കും രണ്ടുലക്ഷം രൂപ പിഴ ഈടാക്കാനാണ് ബില്ലിൽ നിർദേശിക്കുന്നത്. ശനിയാഴ്‌ച തീപ്പിടിത്തംനടന്ന നാഗരത്പേട്ട് ഉപമുഖ്യന്ത്രി സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം സഹായംനൽകുമെന്നും അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group