Home Featured ബന്ദിപ്പൂര്‍ രാത്രി യാത്ര നിരോധനത്തിൽ നിലപാട് വ്യക്തമാക്കി കര്‍ണാടക സ്പീക്കര്‍

ബന്ദിപ്പൂര്‍ രാത്രി യാത്ര നിരോധനത്തിൽ നിലപാട് വ്യക്തമാക്കി കര്‍ണാടക സ്പീക്കര്‍

by admin

ബെംഗളൂരു: കേരള -കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ രാത്രി യാത്ര നിരോധനത്തിൽ നിലപാട് വ്യക്തമാക്കി കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍. ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധനം ഉടൻ നീക്കനാവില്ലെന്ന് കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍ വ്യക്തമാക്കി. രാത്രി യാത്ര നിരോധനം എളുപ്പത്തിൽ തീരുമാനമെടുക്കാൻ പറ്റുന്ന കാര്യമല്ല.പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും കൂടി കര്‍ണാടകയ്ക്ക് പരിഗണിക്കേണ്ടതുണ്ടെന്നും യുടി ഖാദര്‍ പറഞ്ഞു. ബെംഗളൂരുവിലെത്തിയ കേരളത്തിലെ മുനിസിപ്പൽ ചെയര്‍മാൻമാരുടെ സംഘത്തോടാണ് സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയത്.

യാത്രക്കാര്‍ മറ്റു വഴികള്‍ പ്രയോജനപ്പെടുത്തണമെന്നും ജനപ്രതിനിധികള്‍ കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കണമെന്നും യുടി ഖാദര്‍ പറഞ്ഞു. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിലാണ് വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാത്രി യാത്ര നിരോധന നീക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ഇക്കാര്യത്തിൽ സ്പീക്കറുടെ പ്രതികരണം പുറത്തുവരുന്നത്.

നേരത്തെ പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടക ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഉള്‍പ്പെടെ രാത്രി യാത്ര നിരോധനത്തിൽ ചര്‍ച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രിയങ്ക ഗാന്ധിക്കായി വണ്ടൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു ഡികെ ശിവകുമാറിന്‍റെ പ്രഖ്യാപനം.

രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നുവെന്നും പ്രിയങ്ക എംപിയായശേഷം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു ഡികെ ശിവകുമാറിന്‍റെ പ്രസ്താവന.എന്നാൽ, പ്രിയങ്ക എംപിയായശേഷവും ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് കര്‍ണാടകയുടെ ഭാഗത്തുനിന്നും ഇതുവരെയുണ്ടായിട്ടില്ല. നിരോധനം നീക്കാനുള്ള നിലപാട് സ്വീകരിച്ചാൽ കര്‍ണാടകയിലെ പരിസ്ഥിതി സംഘടനകളിൽ നിന്നടക്കം കടുത്ത എതിര്‍പ്പുണ്ടാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.

You may also like

error: Content is protected !!
Join Our WhatsApp Group