Home Featured സംവിധായകൻ ഷാജി എൻ.കരുണ്‍ അന്തരിച്ചു

സംവിധായകൻ ഷാജി എൻ.കരുണ്‍ അന്തരിച്ചു

by admin

വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുണ്‍ (73) അന്തരിച്ചു. ഏറെ നാളായി അർബുദരോഗവുമായി മല്ലിടുകയായിരുന്നു.വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു.മലയാള സിനിമയെ ദേശീയ- അന്തർദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രതിഭയെയാണ് നഷ്ടമായത്. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു.

സംവിധായകനെന്ന നിലയില്‍ ‘പിറവി’യാണ് ആദ്യ ചിത്രം. ‘പിറവി’യ്ക്ക് 1989-ലെ കാൻ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്‌എഫ്കെ)യുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011-ല്‍ പത്മശ്രീ അവാർഡിന് അർഹനായി.

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേല്‍ പുരസ്കാരം ലഭിച്ചിരുന്നു.1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എൻ. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976-ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസർ ആയി ചുമതലയേറ്റു.

കാഞ്ചനസീത, തമ്ബ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.1988-ല്‍ സംവിധാനം ചെയ്ത ‘പിറവി’യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടർച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂർവം സംവിധായകരിലൊരാളായി.

കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. 40-ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനുമാണ് ഷാജി എൻ. കരുണ്‍.ഇതിനകം ഏഴ് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാനപുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്’, പത്മശ്രീ എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു. അദ്ദേഹം ചെയർമാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചയും മേളയ്ക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും.

You may also like

error: Content is protected !!
Join Our WhatsApp Group