കർണാാടക: സ്വത്ത് കൈക്കലാക്കിയ ശേഷം മാതാപിതാക്കളെ ആശുപത്രിയിലുപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടിയുമായി കർണാടക മന്ത്രി ശരൺ പ്രകാശ് പട്ടീൽ. ഇത്തരം കേസുകളിലെ സ്വത്ത് കൈമാറ്റവും വിൽപത്രവും റദ്ദു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്തുക്കൾ എഴുതിയ വാങ്ങിയ ശേഷം പ്രായമായ മാതാപിതാക്കളെ ആശുപത്രിയിൽ ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നതായി ഗവൺമെന്റ് കണ്ടെത്തിയതിനെതുടർന്നാണ് പുതിയ തീരുമാനം.
ബെൽഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ(ബിംസ്)കണക്കു പ്രകാരം 150 പേരാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട് ആശുപത്രികളിലുണ്ടായിരുന്നത്. നിലവിൽ അധികമായി നൂറുകേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.അടുത്തിടെ നടന്ന റിവ്യൂ മീറ്റിംഗിൽ ബിംസ് ഡയറക്ടർ ഇത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.
ആശുപത്രികളിൽ അവർക്ക് വേണ്ട ഭക്ഷണവും വസ്ത്രവുമൊക്കെ ലഭിക്കുമെന്നറിഞ്ഞാണ് പലരും മാതാപിതാക്കളെ ഉപേക്ഷിക്കുന്നതെന്ന് സംഭവത്തിന്റെ ഗൗരവം ചൂണ്ടികാട്ടിക്കൊണ്ട് പട്ടീൽ പറഞ്ഞു. സാമ്പത്തിക പരാധീനത കൊണ്ട് ഉപേക്ഷിക്കപ്പെടുന്ന കേസുകൾ വളരെ ചുരുക്കമാണ്. ഉപേക്ഷിക്കപ്പെട്ട 70 വയോധികരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ബിംസ് സ്വീകരിച്ചു. ഇത്തത്തരം കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കാൻ ആശുപത്രികൽ മുൻകൈയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
2007ലെ സീനിയർ സിറ്റിസൺ ആക്ട് പ്രകാരം പ്രായമായ മാതാപിതാക്കളെ പരിചരിക്കാനുള്ള ഉത്തരവാദിത്തം മക്കൾക്കാണ്. അതിൽ വിട്ടുവീഴ്ച വരുത്തിയാൽ മക്കൾക്ക് നൽകിയ സ്വത്ത് കൈമാറ്റം റദ്ദുചെയ്യാനാകും. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ.