ബംഗളൂരു: ലൈംഗിക അതിക്രമ കേസ് പ്രതി ജെ.ഡി.എസ് ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു.
ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര അറിയിച്ചതാണിത്. പാസ്പോർട്ട് റദ്ദാക്കിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ പ്രജ്വല്‍ നിർബന്ധിതനാവുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
കഴിഞ്ഞ 27നാണ് പ്രജ്വല്‍ ജർമനിയിലേക്ക് പോയത്. ലൈംഗിക അതിക്രമ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി പ്രജ്വലിനോട് ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് വിവരമില്ല. എസ്.ഐ.ടി ലുക്ക് ഔട്ട് നോട്ടീസും ഇന്റർപോള്‍ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
മൂന്നു വർഷം മുമ്ബ് നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച പരാതിയുമായാണ് മുൻ ജില്ല പഞ്ചായത്ത് അംഗം രംഗത്തുവന്നത്. കോളജ് വിദ്യാർഥിനികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശം ലഭിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി സമീപിച്ച തന്നെ പ്രജ്വല്‍ രേവണ്ണ അദ്ദേഹത്തിന്റെ എം.പി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തില്‍ പീഡിപ്പിക്കുകയും വിഡിയോയില്‍ പകർത്തുകയും ചെയ്തതായാണ് പരാതി.
ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞതായും തുടർച്ചയായി ഉപദ്രവിച്ചെന്നും സംഭവം വെളിപ്പെടുത്തിയാല്‍ ഭർത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെട്ടു. 2021ല്‍ നടന്ന ലൈംഗിക അതിക്രമത്തിന്റെ അശ്ലീല വിവരണം അടങ്ങിയതാണ് പരാതി.
പേടി കാരണം ഇത്രകാലം സഹിച്ച പ്രയാസം പ്രജ്വലിനെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ച വേളയില്‍ വെളിപ്പെടുത്തുകയായിരുന്നു. പരാതിയില്‍ ഒരേ സ്ത്രീയെ നിരന്തരം ബലാത്സംഗം ചെയ്യല്‍, അതിക്രമം, പൊതുപ്രവർത്തകയോട് ലൈംഗികവേഴ്ച ആവശ്യപ്പെടുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എസ്.ഐ.ടി കേസെടുത്തത്.