ബെംഗളൂരു: സർക്കാർ പ്രവൃത്തികളുടെ ടെൻഡറുകൾ നൽകുമ്പോൾ മുസ്‍ലിം കരാറുകാർക്ക് നാലുശതമാനം സംവരണം നൽകാൻ ലക്ഷ്യമിടുന്ന ബിൽ കർണാടക നിയമസഭയിൽ. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യൂർമെന്റ്‌സ് (അമൻഡ്‌മെന്റ്) ബിൽ 2025 എന്നപേരിൽ തയ്യാറാക്കിയ ബിൽ നിയമമന്ത്രി എച്ച്.കെ. പാട്ടീലാണ് സഭയുടെ മേശപ്പുറത്തുവെച്ചത്. സംവരണത്തിനെതിരേ ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് സർക്കാർ ബിൽ സഭയിലെത്തിച്ചത്.
രണ്ടു കോടി രൂപവരെയുള്ള സിവിൽ കരാറുകളിലും ഒരു കോടി രൂപവരെയുള്ള ചരക്ക്-സേവന കരാറുകളിലും മുസ്‌ലിങ്ങൾക്ക് നാലുശതമാനം സംവരണം ഏർപ്പെടുത്താനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്. ഇത്തവണത്തെ സംസ്ഥാന ബജറ്റിലാണ് ഇത് പ്രഖ്യാപിച്ചത്. പിന്നീട് ഇതുസംബന്ധിച്ച ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.നിലവിൽ കരാറുകൾ നൽകുമ്പോൾ എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് 24 ശതമാനവും ഒബിസിയിലെ ഒന്നാം വിഭാഗത്തിന് നാലുശതമാനവും ഒബിസി രണ്ട് എ വിഭാഗത്തിന് 15 ശതമാനവും സംവരണമുണ്ട്. ഒബിസി രണ്ട് ബി വിഭാഗത്തിൽ ഉൾപ്പെടുന്ന തങ്ങൾക്കും സംവരണം നൽകണമെന്ന് മുസ്‍ലിങ്ങൾ ആവശ്യമുയർത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് സർക്കാർ നീക്കം.
തദ്ദേശതിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് സംവരണബിൽ സർക്കാർ നിയമസഭയിലെത്തിച്ചത്.മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ചാണ് ബിജെപി എതിർക്കുന്നത്. മുസ്‍ലിം പ്രീണനമാണിതെന്നും അവർ ആരോപിക്കുന്നു. നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി മുന്നറിയിപ്പുനൽകി.