ബംഗളൂരു: സർക്കാർ ഓഫിസുകളിലും ഓഫിസ് പരിസരങ്ങളിലും പുകവലിയും മറ്റ് പുകയില ഉല്‍പന്നങ്ങളും നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി.പുകയില ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് ഉത്തരവില്‍ പറഞ്ഞു.നിയമപരമായ മുന്നറിയിപ്പ് നല്‍കിയിട്ടും ഉപയോഗം സർക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ആരോഗ്യം മുൻനിർത്തിയും പൊതുജനങ്ങളെയും സർക്കാർ ജീവനക്കാരെയും പുകയിലയില്‍ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഉത്തരവ് ഇറക്കിയത്.
ഇതുസംബന്ധിച്ച മുന്നറിയിപ്പ് ബോർഡ് ഓഫിസില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ പ്രദർശിപ്പിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.ഈ നിർദേശങ്ങള്‍ ലംഘിച്ച് ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ ഓഫിസിലോ പരിസരത്തോ പുകവലിക്കുകയോ പുകയില ഉല്‍പന്നങ്ങളായ (ഗുട്ക, പാൻ മസാല, കുന്തുരുക്കം) മുതലായവ ഉപയോഗിക്കുകയോ ചെയ്താല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.