Home കർണാടക കന്നഡ സിനിമാലോകത്തിന് തീരാനഷ്ടം; ദിലീപ് രാജ് അന്തരിച്ചു

കന്നഡ സിനിമാലോകത്തിന് തീരാനഷ്ടം; ദിലീപ് രാജ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.കന്നഡ സിനിമ-ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചു.2007-ല്‍ പുനീത് രാജ്കുമാർ നായകനായ ‘മിലാന’ എന്ന ചിത്രത്തിലെ പ്രകടനമാണ് ദിലീപിനെ സിനിമാപ്രേമികള്‍ക്കിടയില്‍ സുപരിചിതനാക്കിയത്. യു-ടേണ്‍, ബോയ്ഫ്രണ്ട് തുടങ്ങി ഇരുപത്തിനാലിലധികം ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ‘കമ്പട മാനെ’ എന്ന ടെലിഫിലിമിലൂടെയാണ് ദിലീപ് രാജ് തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.സിനിമകള്‍ക്കൊപ്പം തന്നെ ടെലിവിഷൻ പരമ്പരകളിലൂടെയും ദിലീപ് ജനഹൃദയങ്ങള്‍ കീഴടക്കി. സീ കന്നഡയിലെ ജനപ്രിയ പരമ്പര ‘ഹിറ്റ്‌ലർ കല്യാണ’ത്തിലെ നായകവേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജനനി, അർധ സത്യ, രംഗോലി, കുംകുമ ഭാഗ്യ, മാംഗല്യ, മലേബില്ലു, പ്രീതിഗാഗി, രഥസപ്തമി തുടങ്ങി ഒട്ടേറെ സീരിയലുകളില്‍ അദ്ദേഹം വേഷമിട്ടു.അഭിനയത്തിന് പുറമെ നിർമാണരംഗത്തും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു. ഡിആർ ക്രിയേഷൻസ് എന്ന സ്വന്തം നിർമാണ കമ്പനിയിലൂടെ നിരവധി പരമ്പരകള്‍ അദ്ദേഹം പ്രേക്ഷകരിലെത്തിച്ചു. നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്ന അദ്ദേഹം മികച്ചൊരു കലാകാരനായാണ് അറിയപ്പെട്ടിരുന്നത്. കന്നഡ ചലച്ചിത്ര-സീരിയല്‍ രംഗത്തെ പ്രമുഖർ നടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group