കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ടെക്കികളുടെ പ്രിയപ്പെട്ട നഗരമാണ് ബെംഗളൂരു. രാജ്യത്തിന്‍റെ ഐടി തലസ്ഥാനമെന്ന് അറിയപ്പെടുന്ന നഗരത്തില്‍ വന്‍ തൊഴിലവസരങ്ങളാണ് ഒരുക്കിവെച്ചിരിക്കുന്നത്. എന്നാലിത് പഴംകഥയാവുകയാണോ എന്ന് സംശയിപ്പിക്കുന്ന രീതിയിലാണ് പുതിയ കാര്യങ്ങള്‍. കഴിഞ്ഞ വര്‍ഷം ഐ.ടി രംഗത്ത് 50,000 പിരിച്ചുവിടലുകളാണ് നടന്നത്. ഇത് മൂലം റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വന്‍ തിരിച്ചടിയാണ് നഗരം നേരിടുന്നത്. ഇന്‍ഷോര്‍ട്ട്സിനെ ഉദ്ദരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൃത്രിമബുദ്ധി (എഐ), ഓട്ടോമേഷൻ എന്നിവയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ഐടി മേഖലയിലെ വൻതോതിലുള്ള പിരിച്ചുവിടലുകള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. നഗരം ഇപ്പോൾ ഏറ്റവും മോശമായ തൊഴിൽ പ്രതിസന്ധിയിലൂടെയാണ് കടന്നുപേകുന്നത്. വരും ആഴ്ചകളിലും മാസങ്ങളിലും ബെംഗളൂരു ഐടി വ്യവസായം വ്യാപകമായ പിരിച്ചുവിടലുകൾക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രതിസന്ധി ടെക് പ്രൊഫഷണലുകൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ട്.
ബെംഗളൂരുവിന്റെ ഭവന വിപണി, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, പ്രാദേശിക ബിസിനസുകൾ എന്നിവയ്ക്കടക്കം ഈ പ്രതിസന്ധി ദോഷമായി വ്യാപിക്കുന്നുണ്ട്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക. താങ്ങാനാവുന്ന വിലയും വാടകയുമുള്ള വീടുകളിൽ താമസിക്കുന്ന ഈ തൊഴിലാളികളാണ്, കമ്പനികൾ ചെലവ് ചുരുക്കൽ നടപടികൾ നടപ്പിലാക്കുമ്പോഴോ എഐ അധിഷ്ഠിത ഓട്ടോമേഷനിലേക്ക് മാറുമ്പോഴോ ആദ്യം ജോലി നഷ്ടപ്പെടുന്നത്.
ടെക്ക് പാര്‍ക്കുകളുടെയും കമ്പനികളുടേയും ഹോട്ട്സ്പോട്ടായ ഔട്ടര്‍ റിങ് റോഡ് മേഖലയില്‍ വന്‍ നിക്ഷേപത്തില്‍ വടകയ്ക്ക് നല്‍കാനായി കെട്ടിടങ്ങള്‍ പണിതവരും ദുരിതത്തിലായിരിക്കുകയാണ്. വില കുറഞ്ഞ താമസ സൗകര്യങ്ങളിലേക്ക് ആളുകള്‍ മാറാന്‍ തുടങ്ങിയതോടെ മേഖലയിലെ കെട്ടിടങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെലവുകൾ കാര്യക്ഷമമാക്കാൻ ശ്രമിക്കുന്ന വൻകിട ഐടി കമ്പനികൾ, എൻട്രി ലെവൽ പ്രോഗ്രാമർമാരെയും സോഫ്റ്റ്‌വെയർ ടെസ്റ്റർമാരെയും മാറ്റി, കുറഞ്ഞ ചെലവിൽ കൂടുതൽ കാര്യക്ഷമതയോടെ സോഫ്റ്റ്‌വെയർ കോഡ് ചെയ്യാനും ഡീബഗ് ചെയ്യാനും ഒപ്റ്റിമൈസ് ചെയ്യാനും കഴിയുന്ന എഐ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും.