ബംഗളൂരു: കര്‍ണാടകയില്‍ ജെ.ഡി-എസില്‍ പിളര്‍പ്പിന്റെ സൂചന നല്‍കി സംസ്ഥാന അധ്യക്ഷൻ സി.എം. ഇബ്രാഹിം. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയില്‍ ചേരാനുള്ള പാര്‍ട്ടി നിയമസഭ കക്ഷി നേതാവ് എച്ച്.ഡി.
കുമാരസ്വാമിയുടെ തീരുമാനത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നുനിന്ന സി.എം. ഇബ്രാഹിം തിങ്കളാഴ്ച അനുയായികളുമായി ബംഗളൂരുവില്‍ യോഗം ചേര്‍ന്നു.
എൻ.ഡി.എയില്‍ ജെ.ഡി-എസ് ചേരുന്നതിനെതിരെ പാര്‍ട്ടി തലവൻ എച്ച്.ഡി. ദേവഗൗഡക്ക് സന്ദേശം നല്‍കുമെന്നും അംഗീകരിച്ചില്ലെങ്കില്‍ അനുയായികളുമായി കൂടിയാലോചിച്ച് തുടര്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ കര്‍ണാടക അധ്യക്ഷൻ താനാണെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം, യഥാര്‍ഥ ജെ.ഡി-എസ് തങ്ങളാണെന്നും തന്നെ ആര്‍ക്കും നീക്കാനാവില്ലെന്നും അവകാശപ്പെട്ടു.
പല എം.എല്‍.എമാരും തനിക്കൊപ്പമുണ്ട്. വൈകാതെ കോര്‍ കമ്മിറ്റി യോഗം വിളിക്കും. തുടര്‍ന്ന് സംസ്ഥാനത്ത് പര്യടനം നടത്തും. എൻ.ഡി.എയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിനെ പിന്തുണക്കാനും തങ്ങള്‍ തയാറാണെന്ന് അദ്ദേഹം നയം വ്യക്തമാക്കി. മതേതരത്വ നിലപാടു കാരണമാണ് ദേവഗൗഡ പ്രധാനമന്ത്രിയായത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനാവില്ല.
ബി.ജെ.പിയും ജെ.ഡി-എസും തമ്മിലുള്ള സഖ്യത്തില്‍ ആര് ആരുടെ ആദര്‍ശമാണ് ഉള്‍ക്കൊള്ളുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് സി.എം. ഇബ്രാഹിം പറഞ്ഞു. ഇതോടെ കേരളത്തിന് പുറമെ, കര്‍ണാടകയിലും ജെ.ഡി-എസ് പിളരുമെന്ന് ഉറപ്പായി. എന്നാല്‍, എച്ച്.ഡി. കുമാരസ്വാമി ബി.ജെ.പി സഖ്യം സംബന്ധിച്ച നീക്കം സജീവമാക്കിയിരിക്കുകയാണ്. അടുത്ത ദിവസം എച്ച്.ഡി. കുമാരസ്വാമി ഡല്‍ഹിയില്‍ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തും.