വന്ദേഭാരതും ഗതിമാനും ഉള്‍പ്പടെ ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. ചില റൂട്ടുകളില്‍ 160ല്‍ നിന്നും 130 ആക്കി വേഗത കുറക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദ ഹിന്ദുവിന്റെ റിപ്പോർട്ട് പ്രകാരം ഇതിനുള്ള ശിപാർശ നോർത്ത്-സെൻട്രല്‍ റെയില്‍വേ റെയില്‍ബോർഡിന് കൈമാറി.
ട്രെയിൻ നമ്ബർ: 12050/12049(ഡല്‍ഹി-ഝാൻസി-ഡല്‍ഹി) ഗതിമാൻ എക്സ്പ്രസ്, 22470/22469(ഡല്‍ഹി-ഖജുരാഹോ-ഡല്‍ഹി) വന്ദേഭാരത് എക്സ്പ്രസ്, 20172/20171(ഡല്‍ഹി-റാണി കമലാപട്ടി-ഡല്‍ഹി) വന്ദേഭാരത് എക്സ്പ്രസ്, 12002/12001 (ഡല്‍ഹി-റാണി കമലാപട്ടി-ഡല്‍ഹി) ശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ വേഗതയാണ് റെയില്‍വേ കുറക്കാനൊരുങ്ങുന്നത്.
ശിപാർശ പ്രകാരം വന്ദേഭാരത്, ഗതിമാൻ എക്സ്പ്രസുകളുടെ വേഗത മണിക്കൂറില്‍ 160 കിലോ മീറ്ററില്‍ നിന്നും 130 ആക്കി കുറക്കും. ശതാബ്ദി എക്സ്പ്രസിന്റെ 150ല്‍ നിന്നും 130 ആക്കിയാവും കുറക്കുക. സ്പീഡ് കുറക്കുന്നത് വഴി 25 മുതല്‍ 30 മിനിറ്റ് വരെ യാത്രാസമയം കൂടും.
ചില ട്രെയിനുകളുടെ സ്പീഡ് 130 ആക്കി കുറക്കാനുള്ള ചർച്ചകള്‍ റെയില്‍വേ ബോർഡ് 2023ല്‍ തന്നെ തുടങ്ങിയിരുന്നു. 2024 ജൂണിലാണ് നോർത്ത് സെൻട്രല്‍ റെയില്‍വേ സ്പീഡ് കുറക്കുന്നതിനായി പുതിയ നിർദേശം സമർപ്പിച്ചത്. മണിക്കൂറില്‍ 130 കിലോ മീറ്റർ വേഗതയിലാണ് ഈ ട്രെയിനുകള്‍ക്ക് കൂടുതല്‍ സുരക്ഷിതമായി ഓടാൻ സാധിക്കുകയെന്നും റെയില്‍വേ സേഫ്റ്റി കമീഷണറുടെ വിലയിരുത്തലുണ്ട്.