ബംഗളൂരു: ആഗസ്റ്റ് എട്ടു മുതല്‍ ആഗസ്റ്റ് 19 വരെ ലാല്‍ബാഗ് ബൊട്ടാനിക്കല്‍ ഗാർഡനില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പുഷ്പമേളയില്‍ ഇത്തവണ ഭരണഘടന ശില്‍പി ഡോ.ബി.ആർ. അംബേദ്കറുടെ ജീവിതം പ്രമേയമാവും.
ഹോർട്ടി കള്‍ചർ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 216ാമത് ഫ്ലവർ ഷോ ആണ് ഇത്തവണ അരങ്ങേറുന്നത്. അംബേദ്കറുടെ ജീവിത സംഭാവനകളെ പരിചയപ്പെടുത്തുന്ന പുഷ്പാലങ്കാരമായിരിക്കും ഇത്തവണത്തെ പ്രധാന ആകർഷണം. അംബേദ്കറുടെ ജീവിതയാത്രയെ പരിചയപ്പെടുത്തുന്ന വിഡിയോ പ്രദർശനവുമുണ്ടാകും.
ഇതിനായി പൂന്തോട്ടത്തിന്റെ വിവിധയിടങ്ങളില്‍ എട്ടു വലിയ സ്ക്രീനുകളൊരുക്കുമെന്ന് ലാല്‍ബാഗ് ബൊട്ടാനിക്കല്‍ ഗാർഡൻ ജോയന്റ് ഡയറക്ടർ എം. ജഗദീഷ് അറിയിച്ചു.