പാലക്കാട്: തിരക്ക് വർധിച്ചതോടെ ഏർപ്പെടുത്തിയ സ്പെഷല്‍ ട്രെയിനുകളില്‍ യാത്രക്കാരെ കൊള്ളയടിച്ച് റെയില്‍വേ. മധ്യവേനലവധി, തെരഞ്ഞെടുപ്പ് എന്നിവയാല്‍ പല ട്രെയിനുകളിലും സ്ലീപ്പർ കോച്ചുകളിലടക്കം നരകയാത്രയായതോടെയാണ് സ്പെഷല്‍ ട്രെയിനുകള്‍ ഏർപ്പെടുത്തിയത്.
തിരക്ക് കൂടിയതിനാല്‍ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ട്രെയിനുകളിലൊന്നും സ്ലീപ്പർ ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. പല കേന്ദ്രങ്ങളിലും വെയിറ്റിങ് ലിസ്റ്റ് നൂറിനടുത്തെത്തി. തിരക്ക് ഒഴിവാക്കാനായാണ് കേരളം, തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് 19 റൂട്ടുകളിലായി 239 വേനല്‍ക്കാല സ്പെഷല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചത്. എന്നാല്‍, അവസരം മുതലെടുത്ത് നിലവിലുള്ള നിരക്കിന്‍റെ 1.3 മടങ്ങാണ് സ്പെഷല്‍ ട്രെയിനുകളില്‍ ഈടാക്കുന്നത്.
ഇത്തരം ട്രെയിനുകളില്‍ സ്റ്റോപ് കുറവായതിനാല്‍ യാത്രക്കാർക്ക് പൂർണമായി ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. കോവിഡിനു ശേഷം പാസഞ്ചർ, വീക്ക്‍ലി എക്സ്പ്രസ് ട്രെയിനുകള്‍ പൂർണതോതില്‍ പുനഃസ്ഥാപിക്കാത്തതും എക്സ്പ്രസ് ട്രെയിനുകളില്‍ നേരത്തേയുള്ളതുപോലെ ജനറല്‍ കോച്ചുകള്‍ ഇല്ലാത്തതുമാണ് യാത്രക്കാരുടെ ദുരിതം വർധിപ്പിക്കാൻ കാരണമായത്. വരുമാനം ഉയർത്തുന്നതിന്‍റെ ഭാഗമായി പല ദീർഘദൂര ട്രെയിനുകളിലും ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ചു. പകരം എ.സി കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു.
യാത്രകളില്‍ റെക്കോഡ്
പാലക്കാട്: വേനല്‍ക്കാലത്ത് യാത്രക്കാരുടെ സുഖപ്രദയാത്ര ഉറപ്പുവരുത്താൻ 16 സോണുകളിലായി 9111 യാത്രകള്‍ നടത്തുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. 2023ല്‍ നടത്തിയതിനെക്കാള്‍ 2742 യാത്രകളുടെ വർധനയാണ് ഇത്തവണ. 2023ലെ വേനലവധിക്കാലത്ത് 6369 യാത്രകളാണ് നടത്തിയത്.