ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഹൻലാൽ-ജീത്തു ജോസഫ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാക്കി ഹൈക്കോടതി ഇടപെടൽ. മോഹൻലാൽ നായകനായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ റിലീസ് തടയണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്ന് എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസയച്ചു.
നടൻ മോഹൻലാലും മറ്റ് അണിയറ പ്രവർത്തകർക്കും ഉൾപ്പടെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് നാളെ വീണ്ടും കേൾക്കും. തിരക്കഥാകൃത്ത് ദീപു കെ ഉണ്ണിയാണ് കേസിൽ ഹർജി നൽകിയത്. സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
ട്വൽത് മാൻ എന്ന ഒടിടി റിലീസ് ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് നേര്. മോഹൻലാലിനൊപ്പം അനശ്വര രാജൻ, ശാന്തി മായാദേവി, ജഗദീഷ്, സിദ്ധിക്ക് തുടങ്ങിയ താരങ്ങൾ സിനിമയിൽ സുപ്രധാന വേഷത്തിലെത്തു.കോർട്ട് റൂം ഡ്രാമയായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ മാഹൻലാലിന്റെ അഭിനയത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ജീത്തു ജോസഫും ശാന്തി മായാ ദേവിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാളെയാണ് സിനിമയുടെ റിലീസ്.