ബംഗളൂരു: മുൻമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പയുടെ വര്‍ഗീയ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍നടപടികള്‍ തല്‍ക്കാലത്തേക്ക് തടഞ്ഞ് കര്‍ണാടക ഹൈകോടതി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ‘തങ്ങള്‍ക്ക് മുസ്‍ലിംവോട്ടുകള്‍ വേണ്ട’ എന്ന പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഈശ്വരപ്പ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. ഹരജി ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും. ഈശ്വരപ്പക്കുവേണ്ടി അഡ്വ. എം. വിനോദ് കുമാര്‍ ഹാജരായി.
കഴിഞ്ഞ ഏപ്രില്‍ 25ന് ശിവമൊഗ്ഗയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വസതിയില്‍ ബി.ജെ.പി സംഘടിപ്പിച്ച വീരശൈവ ലിംഗായത്ത് സമുദായ യോഗത്തിലാണ് ഈശ്വരപ്പ വിവാദ പരാമര്‍ശം നടത്തിയത്. ‘ശിവമൊഗ്ഗയില്‍ 50,000 മുതല്‍ 55,000 വരെ മുസ്‍ലിം വോട്ടര്‍മാരാണുള്ളത്. ഞങ്ങള്‍ക്ക് ഒരൊറ്റ മുസ്‍ലിംവോട്ടു പോലും ആവശ്യമില്ല’- ഇതായിരുന്നു പരാമര്‍ശം.
ഈശ്വരപ്പയുടെ വിവാദ പ്രസംഗം ഒരു ന്യൂസ് ഏജൻസി പുറത്തുവിട്ടതോടെ ശിവമൊഗ്ഗ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ എച്ച്. മഹേഷ് മേയ് ആറിന് വിനോഭനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മേയ് എട്ടിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ശിവമൊഗ്ഗ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസില്‍ അന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു. കേസില്‍ ഡിസംബര്‍ രണ്ടിന് വാദം കേള്‍ക്കാൻ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍, ഇതിനെതിരെ ഹൈകോടതിയില്‍ ഈശ്വരപ്പ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. സ്വകാര്യ ഏജൻസിയായ എക്സില്‍ വന്ന ട്വീറ്റിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തത് ചോദ്യംചെയ്ത ഈശ്വരപ്പ, കേസ് തള്ളണമെന്നും ആവശ്യപ്പെട്ടു.