Home Featured ബംഗളൂരു: ദേശീയപാതയില്‍ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിച്ചത് എസ്‌ഐയെയും കുടുംബത്തെയും; മൂന്നംഗ സംഘം പിടിയില്‍

ബംഗളൂരു: ദേശീയപാതയില്‍ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിച്ചത് എസ്‌ഐയെയും കുടുംബത്തെയും; മൂന്നംഗ സംഘം പിടിയില്‍

by admin

ബംഗളൂരു: തമിഴ്‌നാട് സ്വദേശിയായ പൊലീസ് സബ് ഇൻസ്‌പെക്ടറെയും കുടുംബത്തെയും കത്തിമുനയില്‍ നിർത്തി കൊള്ളയടിച്ചു.മൈസൂരു-ബംഗളൂരു ദേശീയപാതയില്‍ നടന്ന സംഭവത്തില്‍ മൂന്നംഗ സംഘത്തെ ചന്നപട്ടണ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചന്നപട്ടണ സ്വദേശികളായ 30 കാരൻ സയ്യിദ് തൻവീർ എന്ന തന്നു, ബംഗളൂരു സൗത്തില്‍ നിന്നുള്ള 28 കാരനായ ഫൈറോസ് പാഷ, രാമനഗരയിലെ ഗെജ്ജാലഗുഡ്ഡെയില്‍ നിന്നുള്ള 32 കാരനായ തൻവീർ പാഷ എന്നിവരാണ് അറസ്റ്റിലായത്. തൻവീർ പത്തിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.പുലർച്ചെ രണ്ട് മണിയോടെ ചന്നപട്ടണ ബൈപാസിന് സമീപമാണ് സംഭവം.

16 ഗ്രാം സ്വർണ്ണമാല, 10,000 രൂപ, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം രണ്ട് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങളാണ് എസ്‌ഐയുടെ കുടുംബത്തില്‍ നിന്ന് സംഘം കൊള്ളയടിച്ചത്.തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ചേരമ്ബാടി പൊലീസ് സ്റ്റേഷനില്‍ സ്‌പെഷ്യല്‍ സബ് ഇൻസ്‌പെക്ടറായ പി.ജെ. ഷാജി, ഭാര്യ മെർലിൻ ഷാജിക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം മൂത്ത മകനെ കൂട്ടിക്കൊണ്ടുപോവാൻ ബംഗളൂരുവിലേക്ക് വരികയായിരുന്നു.

ഹൈവേയുടെ അരികില്‍ വിശ്രമിക്കാൻ കാർ നിർത്തിയിട്ടപ്പോള്‍ സ്കൂട്ടറില്‍ എത്തിയ മൂന്ന് പേർ തന്റെ കുടുംബത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു.’ഒരാള്‍ കത്തി വീശി എന്റെ സ്വർണ്ണ മാല തട്ടിയെടുത്തു…”ഹലസുരുവിലെ എംജി റോഡിലുള്ള താജ് ഹോട്ടലില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കിയ മകൻ എഡ്വിൻ ഷാജിയെ കൂട്ടിക്കൊണ്ടുവരാൻ ഞാൻ ബംഗളൂരുവിലെത്തി. ഭാര്യ മെർലിൻ, മകൻ എബിൻ ഷാജി, മകള്‍ എമില്‍ഡ ഷാജി എന്നിവരോടൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

പുലർച്ചെ 1.30 ഓടെ ചന്നപട്ടണ ബൈപാസിനടുത്തുള്ള ലംബാനിതാണ്ഡ്യ ഗ്രാമ ജങ്ഷനില്‍ ഞങ്ങള്‍ എത്തി. ചെറുതായി മയങ്ങാൻ തീരുമാനിച്ചു. കാർ സർവിസ് റോഡില്‍ പാർക്ക് ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍, പുലർച്ചെ ഏകദേശം രണ്ടു മണിയോടെ ഒരു ജീപ്പ് സമീപത്ത് നിർത്തി, അതിന്റെ ഡ്രൈവർ മൈസൂരുവിലേക്കുള്ള വഴി ചോദിച്ചു. കൃത്യമായി അറിയില്ലെന്ന് ഞാൻ പറഞ്ഞതോടെ അവർ പോയി. ഏകദേശം 10 മിനിറ്റിനുശേഷം ഒരു സ്കൂട്ടറില്‍ മൂന്ന് പേർ എത്തി.

ഒരാള്‍ കത്തി വീശി എന്റെ സ്വർണ്ണ മാല തട്ടിയെടുത്തു, മറ്റുള്ളവർ ഡാഷ്‌ബോർഡില്‍ നിന്ന് 10,000 രൂപയും സീറ്റുകളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും എടുത്തു’ -എസ്.ഐ പി.ജെ. ഷാജി നല്‍കിയ പരാതിയില്‍ പറയുന്നു.കവർച്ചക്കാർ ഓടി രക്ഷപ്പെട്ടതോടെ ഷാജി പട്രോളിങ് പൊലീസിനെ വിവരമറിയിച്ചു. അവർ സഹായത്തിനായി ഓടിയെത്തി. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്നപട്ടണ റൂറല്‍ പൊലീസ് ബിഎൻഎസ് സെക്ഷൻ 309 (കവർച്ച) പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മോഷണം പോയ ഒരു ഫോണ്‍ കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം സ്വിച്ച്‌ ഓഫ് ചെയ്തതായും മറ്റൊന്ന് രാമനഗര വരെ സജീവമായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ കണ്ടെത്തി. ഇത് പ്രതികളുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യാൻ സഹായിച്ചതായും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായതായും പൊലീസ് പറഞ്ഞു.ചന്നപട്ടണ റൂറല്‍ പൊലീസ് സ്റ്റേഷനിലെ സർക്കിള്‍ ഇൻസ്പെക്ടർ ബി.കെ. പ്രകാശ് നേതൃത്വം നല്‍കി. ഇൻസ്പെക്ടർ . ബി. മനോഹർ, പ്രൊബേഷണറി ഇൻസ്പെക്ടർമാരായ അജയ് ഗൗഡ, പ്രജ്വാള്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group