പ്രയാഗ്‌രാജില്‍ നടന്ന മഹാ കുംഭമേളയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ കർണാടകയിലെ ബെലഗാവിയില്‍ നിന്നുള്ള നാല് ഭക്തരും.ജ്യോതി ഹത്തർമഠ് (50), മകള്‍ വഡ്ഗാവിലെ മേഘ ഹത്തർമത്ത് (24) കൂടാതെ ഷെട്ടി ഗല്ലി സ്വദേശിയായ അരുണ്‍ കോപാർഡെ (61), ശിവാജി നഗർ സ്വദേശി മഹാദേവി (48) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരില്‍ അരുണ്‍ കോപാർഡെയുടെ ഭാര്യ കാഞ്ചന കോപാർഡെയും ഉള്‍പ്പെടുന്നു. ജില്ലാ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുമ്ബ് സൈറത്ത് ട്രാവല്‍സ് വഴി 13 പേരടങ്ങുന്ന തീർത്ഥാടക സംഘത്തിൻ്റെ ഭാഗമായാണ് ഇവർ പ്രയാഗ് രാജില്‍ എത്തിയത്.
മഹാകുംഭമേളയില്‍ ബുധനാഴ്ച പുലർച്ചെ അനുഭവപ്പെട്ട തിക്കിലും തിരക്കിലും പെട്ട് 30 പേർക്ക് ജീവൻ നഷ്ടമായതായി പൊലീസ് വ്യക്തമാക്കി. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള 5 പേരെ തിരിച്ചറിയാനുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാല്‍ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. 90 പേർക്കാണ് പരിക്കേറ്റതെന്നും ഡിഐജി സ്ഥിരീകരണം നടത്തി. അത്യാവശ്യ സാഹചര്യങ്ങളില്‍ ഹെല്‍പ് ലൈൻ നമ്ബറായ 1920-ല്‍ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ദുരന്തമുണ്ടായ ത്രിവേണി ഘട്ടില്‍ സ്നാനം വീണ്ടും ആരംഭിച്ചു.
ബാരിക്കേഡ് മറികടക്കാൻ വലിയ ആള്‍ക്കൂട്ടം നോക്കിയതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേർന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും കൂട്ടിച്ചേർത്തു. സർക്കാർ അതിവേഗം ഇടപെടുകയും പരിക്കേറ്റവർക്ക് ചികിത്സ നല്‍കുകയും ചെയ്തെന്നും യോഗി വിശദീകരിച്ചിരുന്നു.