ബെംഗളൂരു: കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് 25000 രൂപ ആശ്വാസ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ജില്ലയിലെ മഴക്കെടുതികൾ സംബന്ധിച്ചുള്ള ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ സ്ഥിരമായ പരിഹാരം തേടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ എന്നിങ്ങനെ സകലതും നഷ്ടപ്പെട്ടതായി സർക്കാർ മനസിലാക്കുന്നതുകൊണ്ടാണ് 25000 രൂപ വീതം ധനസഹായം പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നഗരത്തിലെ വെള്ളം ഒഴുകി പോകാനുള്ള ഓടകൾ നവീകരിക്കുന്നതിനോടൊപ്പം ഈ ഭാഗങ്ങളിലെ അനധികൃത കുടിയേറ്റങ്ങൾ ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സത്വര നടപടികൾ കൈകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരത്തിൽ 650 നും 700 നും ഇടക്ക് വീടുകൾ മഴക്കെടുതിയിൽ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ആശ്വാസ ധനമായ 25000 രൂപയിൽ നിന്ന് ഒരു രൂപ പോലും ദുരുപയോഗം ചെയ്യാതെ അർഹരിലെത്തിക്കാൻ മുഖ്യമന്ത്രി ബിബി എം പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച്
ഹൊസക്കരഹള്ളി, നായന്ദന ഹള്ളി, ബസവന ഗുഡി, രാജരാജേശ്വരി നഗർ, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽ നിരവധി വീടുകളും റോഡുകളും വെള്ളത്തിനടിയിലായിരുന്നു.
ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ബിബി എം പി അഡ്മിനിസ്ട്രേറ്റർ ഗൗരവ് ഗുപ്ത, കമ്മീഷണർ മഞ്ജുനാഥ പ്രസാദ് , മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. നഗരത്തിൽ രണ്ടു ദിവസം കൂടി കനത്ത മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് അറിയിപ്പിനെ തുടർന്ന് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.