ബംഗളുരു നഗരത്തില്‍ കൈയില്‍ വാളുമായി അപകടകരമായ നിലയില്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍.ബംഗളുരുവിലെ ഡിജെ ഹള്ളി, രാമമൂർത്തി നഗർ എന്നീ മേഖലകളില്‍ ബൈക്ക് യാത്ര നടത്തി വാളുവീശി ഭീതി സൃഷ്‌ടിച്ച നയീം, അറഫാത്ത്, സാഹില്‍, നഞ്ചമത്ത്, അദ്‌നാൻ എന്നിവരാണ് അറസ്റ്റിലായത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചുകഴിഞ്ഞു. വീഡിയോയില്‍ തിരക്കേറിയ നഗരത്തിലൂടെ രാത്രിയില്‍ യുവാക്കള്‍ വടിവാള്‍ വീശി ബൈക്ക് സ്റ്റണ്ട് നടത്തുന്നതാണ് കാണുന്നത്.
ചുറ്റുമുള്ള യാത്രക്കാർ ഭയത്തോടെ ഇവരുടെ യാത്ര വീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ശ്രദ്ധയില്‍ പെട്ടതിനു പിന്നാലെ ഇവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. ബംഗളൂരു സിറ്റി പോലീസാണ് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാൻ ദ്രുതഗതിയില്‍ പ്രവർത്തിച്ചത്.
സംഭവത്തിന് പിന്നാലെ കർണാടക ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വരയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയതോടെ സംഭവം രാഷ്ട്രീയ പ്രതികരണങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.എക്‌സില്‍ ബിജെപി പങ്കുവെച്ച ഒരു പോസ്റ്റില്‍, സംഭവത്തില്‍ സംസ്ഥാന സർക്കാരിന്റെ പ്രതികരണം എന്താണെന്ന് ചോദിച്ചു “പ്രിയ ആഭ്യന്തര മന്ത്രി , ഇത് കണ്ടിട്ട് നിങ്ങള്‍ക്ക് എന്ത് എസ്ക്യൂസ് ആണ് പറയാൻ ഉള്ളത്? ഈ യുവാക്കള്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നോ? അതോ വെറും ഒരു നേരമ്ബോക്കിന് വളെടുത്ത് വീശി അത് റെക്കോർഡ് ചെയ്തതാണെന്നോ? എന്നായിരുന്നു പരിഹാസ രൂപേണ കുറിച്ചത്.
തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ബിജെപി ലക്ഷ്യമിട്ടു.,രാഹുലിന്റെ “മൊഹബത് കി ദുകാൻ” (സ്നേഹത്തിന്റെ കട) പ്രചാരണത്തെ പരിഹാസത്തോടെ പരാമർശിച്ച ബി.ജെ.പി. “ഈ ‘മൊഹബത് കി ദുകാൻ’ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് രാഹുല്‍ ഗാന്ധിക്ക് ഒരു പ്രത്യേക നന്ദി, എന്നാണ് കുറിച്ചത്. ഇത്തരം പ്രവണതകള്‍ തുടർന്നാല്‍ ഞങ്ങള്‍ നിശബ്ദരായിരിക്കില്ല!” ബിജെപി പ്രസ്താവിച്ചു.റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു വാളുകള്‍ പിടിച്ച് സോഷ്യല്‍ മീഡിയയില്‍ റീല്‍ ചെയ്യാൻ ശ്രമിച്ച യുവാക്കളാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത ആയുധ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.