ബെംഗളൂരു: മെട്രോ നിർമാണ സൈറ്റിലെ താൽക്കാലിക സംഭരണശാലയിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ നിർമാണ സാമഗ്രികളും വിവിധ വസ്തുക്കളും കത്തി നശിച്ചു. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ശിവാജി നഗറിലെ ബാംബൂ ബസാറിന് സമീപമുള്ള മെട്രോ സൈറ്റിൽ വൈകിട്ട് നാലോടെയാണ് തീപിടിത്തമുണ്ടായത്.കെമിക്കൽ കാനിസ്റ്ററുകൾ, മരം, തെർമോകോൾ ഷീറ്റുകൾ, കേബിളുകൾ, മെക്കാനിക്കൽ സ്പെയർ പാർട്സ്, സിലിണ്ടറുകൾ, മറ്റ് വസ്തുക്കൾ എന്നിവ അടുക്കി വച്ചിരുന്ന ഒരു സംഭരണശാലയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് അഗ്നിശമന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.മൂന്ന് സിലിണ്ടറുകൾ ഒന്നിന് പിറകെ ഒന്നായി പൊട്ടിത്തെറിച്ചതാണ് പ്രദേശത്ത് അപകടമണി മുഴക്കിയതെന്ന് പ്രദേശവാസിയായ അമീർജാൻ പറഞ്ഞു. ചുറ്റുമുള്ള താമസ കെട്ടിടങ്ങളിലെ താമസക്കാരെ ഉടൻ തന്നെ ഒഴിപ്പിച്ചുവെന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈകിട്ട് നാലരയോടെയാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. ശേഷം സൗത്ത് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ മൂന്ന് വാട്ടർ ടെൻഡറുകളുമായി സ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ തീയണച്ചു.പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ മെട്രോ കരാറുകാരുടെ വീഴ്ചയാണ് ഇതിന് കാരണമെന്നാണ് അമീർജാൻ ആരോപിച്ചത്. അവർ ഗോഡൗണിൽ മുഴുവൻ സാധനസാമഗ്രികൾ നിറച്ചിരുന്നെങ്കിലും, പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും തീ കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയതായും അദ്ദേഹം പറഞ്ഞു.