ബെംഗളൂരു നമ്മ മെട്രോ നിരക്ക് വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. മെട്രോ നിരക്ക് പരിഷ്കരിക്കുന്നതിനായി നിയമിച്ച ഫെയർ ഫിക്സേഷൻ കമ്മിറ്റി അവരുടെ അന്തിമ റിപ്പോർട്ട് വരും ദിവസങ്ങളിൽ സർക്കാരിന് സമർപ്പിക്കും. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 15 മുതൽ 30 ശതമാനം വരെ നിരക്ക് വർധനവാണ് പ്രതീക്ഷിക്കുന്നത്. ഏഴു വർഷം മുൻപാണ് ബെംഗളൂരു മെട്രോ നിരക്ക് ഇതിനു മുന്നേ വർധിപ്പിച്ചത്.കേന്ദ്ര സർക്കാരിനു കീഴിൽ രൂപീകരിച്ച ഫെയർ ഫിക്സിംഗ് കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച് അവലോകനം ചെയ്ത ശേഷമാകുമം അധികൃതർ നിരക്ക് വര്‍ധനവ് സംബന്ധിച്ച് അവസനാ തീരുമാനമെടുക്കുക.
ജനുവരി മാസത്തോടെ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.നിലവിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 ആണ്. ഏറ്റവും കൂടിയ തുകയാവട്ടെ 70 രൂപയും. കൂടാതെ, മെട്രോയുടെ സ്മാർട് കാർഡ് വഴി ടിക്കറ്റ് എടുക്കുന്നവർക്ക് 5% കിഴിവ് ലഭിക്കുന്നുണ്ട്. 2017 ൽ നിരക്ക് വർധിപ്പിച്ചതിന് ശേഷമുള്ള ആദ്യ നിരക്ക് വർധനവ് കൂടിയാകും ഇത്. മെട്രോയുടെ വർധിച്ചു വരുന്ന പ്രവർത്തന ചെലവുകൾ നിയന്ത്രിക്കുന്നതിനായാണ് 2020 ൽ സ്മാർട് കാർഡ് പേയ്മെന്‍റ് ആരംഭിച്ചത്.നേതൃത്വത്തിൽ ബെംഗളൂരു മെട്രോയുടെ യാത്രാനിരക്ക് അവലോകനം ചെയ്യാൻ മൂന്നംഗസമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.
ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയായ ജസ്റ്റിസ് ആർ തരണി നേതൃത്വം നല്കുന്ന സമിതിയിൽ നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിങ്, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇ വി രമണ റെഡ്ഡി എന്നിവരാണുള്ളത്.യാത്രാ നിരക്ക് പരിഷ്കരിക്കുന്നതിൽ സന്തുലിതമായ തീരുമാനങ്ങളെടുക്കുവാൻ സമിതി ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും മെട്രോ നിരക്കുകളെക്കുറിച്ച് പഠനം നടത്തുകയും സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓപ്പറേഷൻസ്, മെയിന്‍റനൻസ്, സ്റ്റാഫിംഗ് എന്നിവയുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന ചെലവുകൾ കൂടി കണക്കാക്കി അത് യാത്രാക്കൂലി മതിയായ രീതിയിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്ന വിധത്തിലാവും ഫെയർ ഫിക്സിങ് കമ്മിറ്റിയുടെ തീരുമാനം.
നഷ്ടം നേരിടുന്ന മെട്രോ:കഴിഞ്ഞ രണ്ടു വർഷമായി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ബെംഗളൂരു മെട്രോയ്ക്ക് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ കുറഞ്ഞത് 20 ശതമാനമെങ്കിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നാണ് മെട്രോ അധികൃതർ ആവശ്യപ്പെടുന്നത്. വിവിധ ഘട്ടങ്ങളിലായി പുതിയ പാതകളുടെ നിർമ്മാണം വരുന്നതും ചെലവുകളിലൊന്നാണ്. ഇതിനായി അധിക പണം കണ്ടെത്തേണ്ടതും ബെംഗളൂരു മെട്രോയുടെ ആവശ്യമാണ്.