Home Featured വ്യാജ ലോട്ടറി ആപ്; മുഖ്യപ്രതി ബംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

വ്യാജ ലോട്ടറി ആപ്; മുഖ്യപ്രതി ബംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

by admin

പരപ്പനങ്ങാടി: മൂന്നക്ക അനധികൃത ലോട്ടറിയുമായി ബന്ധപ്പെട്ട പ്രധാന പ്രതിയെ ബംഗളൂരു എയര്‍പോര്‍ട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി കെ. റഫീഖിനെയാണ് (40) പിടികൂടിയത്. ജൂണ്‍ 16ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണമാണ് ബംഗളൂരുവിലെത്തിയത്.

ലോട്ടറി വില്‍പനക്ക് വിക്കിപീഡിയ എന്ന മൊബൈല്‍ ആപ് നിര്‍മിച്ചയാളാണ് പൊലീസ് നീക്കത്തിനൊടുവില്‍ വലയിലായത്. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് ലുക്ക്‌ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് പിടിയിലായത്. കേസില്‍ ഒമ്ബതുപേരെ പിടികൂടിയിട്ടുണ്ട്.

ആദ്യം അറസ്റ്റ് ചെയ്ത ജനീഷ് എന്നയാളുടെ മൊഴിപ്രകാരം അയാള്‍ക്ക് വിക്കിപീഡിയ മൊബൈല്‍ ആപ് നല്‍കിയ ആളുകളെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തില്‍ സന്തോഷ് കുമാര്‍, ബീരാൻകോയ, രമേശൻ, ഗോവിന്ദൻ, മജീദ്, സതീഷ്, സാദിഖ്, ശശി എന്നിവരെയും പിടികൂടിയിരുന്നു. ഇതറിഞ്ഞ് നെടുമ്ബാശ്ശേരി വിമാനത്താവളം വഴി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, എല്ലാ വിമാനത്താവളങ്ങള്‍ വഴിയും തിരച്ചില്‍ ശക്തമാക്കി.

താനൂര്‍ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നിര്‍ദേശാനുസരണം പ്രത്യേക പൊലീസ് ടീമാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. മൊബൈല്‍ ആപ് ഉപയോഗിച്ച്‌ ലോട്ടറി വിപണനം നടത്തിയ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ തുടര്‍ നടപടി സ്വീകരിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങി.

പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസര്‍ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടര്‍ ആര്‍. അരുണ്‍, യു. പരമേശ്വരൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സ്മിതേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുജീബ് റഹ്മാൻ, ശ്രീനാഥ് സച്ചിൻ എന്നിവരും പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group