Home Featured ബന്ദിപ്പുര്‍ വനമേഖലയില്‍ സിനിമാ ചിത്രീകരണം; പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

ബന്ദിപ്പുര്‍ വനമേഖലയില്‍ സിനിമാ ചിത്രീകരണം; പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

by admin

ബന്ദിപ്പുർ വന്യജീവിസങ്കേതത്തിനുള്ളില്‍ മലയാള സിനിമാചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നല്‍കിയതില്‍ പ്രതിഷേധവുമായി പരിസ്ഥിതിപ്രവർത്തകർ രംഗത്ത്.ചാമരാജനഗർ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ബന്ദിപ്പുർ വനമേഖലയിലെ ഹിമവാദ് ഗോപാലസ്വാമിബേട്ട ക്ഷേത്ര പരിസരത്താണ് ചൊവ്വാഴ്ച മലയാള സിനിമ ചിത്രീകരണം ആരംഭിച്ചത്. സംഭവമറിഞ്ഞ് പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിന് കീഴിലെ പരിസ്ഥിതിലോലമേഖലയിലാണ് ഹിമവാദ് ഗോപാലസ്വാമി കുന്ന്.

2016 മുതല്‍ ഇവിടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർ കർണാടക ആർ.ടി.സി ബസുകളിലാണ് ക്ഷേത്രത്തിലെത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് കുന്നിൻമുകളിലേക്ക് പ്രവേശനമില്ല.ബന്ദിപ്പുരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്ന സാഹചര്യത്തില്‍ സിനിമാചിത്രീകരണത്തിന് അനുമതി നല്‍കിയത് പ്രതിഷേധാർഹമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ജോസഫ് ഹൂവർ പറഞ്ഞു.

സിനിമാചിത്രീകരണത്തിന് അനുമതി നല്‍കിയത് അപലപനീയമാണെന്നും വനംവകുപ്പ് എങ്ങനെയാണ് അനുമതി നല്‍കിയതെന്നും കർഷകനേതാവും റൈത സംഘ ജില്ലാസെക്രട്ടറിയുമായ മധു ആരാഞ്ഞു.അതേസമയം ക്ഷേത്രപരിസരത്ത് ചിത്രീകരണത്തിനായി സിനിമാ സംഘം ഒരുദിവസത്തെ അനുമതി വാങ്ങിയിരുന്നതായി അസി. ഫോറസ്റ്റ് കണ്‍സർവേറ്റർ നവീൻകുമാർ പറഞ്ഞു. ഭാവിയില്‍ ഇത്തരം പ്രവർത്തനങ്ങള്‍ക്ക് തടയിടാൻ ബന്ധപ്പെട്ട മന്ത്രിമാരുമായി വിഷയം ചർച്ചചെയ്യുമെന്ന് എച്ച്‌.എം. ഗണേഷ് പ്രസാദ് എം.എല്‍.എ പരിസ്ഥിതിപ്രവർത്തകർക്ക് ഉറപ്പുനല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group