പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്.രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി.
ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഗുർമുഖ് സിങും അമൃത് കൗറുമായിരുന്നു മൻമോഹൻ സിങിൻ്റെ മാതാപിതാക്കൾ. ചെറിയ പ്രായത്തിലേ അമ്മയെ നഷ്ടപ്പെട്ട് അച്ഛന്‍റെ സാമീപ്യവുമില്ലാതെ, മുത്തശ്ശിയുടെ വീട്ടിൽ വളർന്നതിനാൽ സിങ് ചെറുപ്പം മുതലേ ഉൾവലിഞ്ഞ പ്രകൃതമായിരുന്നു. ജീവിതത്തിലെ ആദ്യ 12 വർഷവും വൈദ്യുതി ഇല്ലാത്ത ഗ്രാമത്തിലായിരുന്നു കഴിഞ്ഞത്. കിലോമീറ്ററുകളോളം നടന്ന് ഉർദു മാധ്യമം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1947ലെ വിഭജനത്തിന്‍റെ സമയത്ത് കുടുംബം ഇന്ത്യയിലെ അമൃത്സറിലേക്ക് കുടിയേറി.പഞ്ചാബ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ 1952ൽ ബിരുദവും 1954ൽ മാസ്റ്റർ ബിരുദവും ഒന്നാം റാങ്കിൽ നേടിയതിന് ശേഷം കേംബ്രിഡ്ജിൽ ഉപരിപഠനം നടത്തി.
1957ൽ കേംബ്രിഡ്ജ് സർവകലാശാലയിലെ സെന്‍റ് ജോൺസ് കോളേജിൽ നിന്നും എക്കണോമിക്സ് ട്രിപ്പോസ് നേടിയതിന് ശേഷം ഇന്ത്യയിലെത്തി. പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായി ജോലിക്ക് ചേർന്നു.1958ലായിരുന്നു വിവാഹം. ഭാര്യ ഗുർശരൺ കൗർ. 1960 ഓക്സ്ഫോഡിൽ ഗവേഷണത്തിന് ചേർന്നു. 1962ൽ ഡോക്ടറേറ്റ് നേടിയതിന് ശേഷം വീണ്ടും പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായി. ലണ്ടനിലെ ഉപരിപഠനം സ്പോൺസർ ചെയ്ത പഞ്ചാബ് സർവകലാശാലയുമായുള്ള കരാർ പ്രകാരമാണ് 1966 വരെ അവിടെ അധ്യാപകനായി ജോലി ചെയ്തത് 1966-69 കാലത്ത് ഐക്യരാഷ്ട്ര സഭയുടെ ട്രേഡ് ആൻ്റ് ഡെവലപ്മെൻ്റിൽ പ്രവർത്തിച്ചു.
1969ൽ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസറാകാൻ ഗുരുനാഥനായ ഡോക്ടർ കെ എൻ രാജ് ക്ഷണിച്ചപ്പോൾ ഐക്യരാഷ്ട്രസഭയിലെ ശോഭനമായ പദവി ഉപേക്ഷിച്ചു. 1969-71 കാലത്ത് ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ പ്രൊഫസറായി. ഇതേ കാലത്ത് വിദേശ വ്യാപാര മന്ത്രാലയത്തിൽ ഉപദേശകനുമായിരുന്നു. 1972ൽ ധനകാര്യ മന്ത്രാലയത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1976 ൽ ധനകാര്യ മന്ത്രാലയ സെക്രട്ടറിയായി. 1980-82 – ആസൂത്രണ കമ്മീഷൻ അംഗമായി. 1982 ൽ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ പ്രണബ് മുഖർജി ധനകാര്യ മന്ത്രിയായിരിക്കെ റിസർവ് ബാങ്ക് ഗവർണറായി നിയമനം ലഭിച്ചു. 1985 വരെ റിസർവ് ബാങ്ക് ഗവർണർ ആയി തുടർന്നു.
പിന്നീട് 1985-87 കാലത്ത് ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായി ചുമതലയേറ്റു. പക്ഷെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മൻമോഹൻ സിങിനോട് മതിപ്പില്ലായിരുന്നു. ആസൂത്രണ കമ്മീഷനെ കോമാളി സംഘം എന്ന് രാജീവ് ഗാന്ധി വിമർശിച്ചതിൽ പ്രതിഷേധിച്ച് രാജിവെക്കാൻ ഒരുങ്ങിയ മൻമോഹൻ സിങിനെ ഏറെ പണിപെട്ടാണ് പിൻതിരിപ്പിച്ചതെന്ന് മുൻ ആഭ്യന്തര സെക്രട്ടറിയും സിഎജിയുമായിരുന്ന സി ജി സോമയ്യ ആത്മകഥയിൽ പറയുന്നുണ്ട്. 1987-90 കാലത്ത് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന, സ്വതന്ത്ര സാമ്പത്തിക നയം പിൻതുടരുന്ന ബൗദ്ധിക കൂട്ടായ്മ, സൗത്ത് കമ്മീഷന്‍റെ സെക്രട്ടറി ജനറലായി അദ്ദേഹം പോയി.
ശേഷം 1990 നവംബറിൽ ഇന്ത്യയിൽ തിരിച്ചെത്തി. ചന്ദ്രശേഖർ സർക്കാരിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായതാണ് പിന്നീട് പ്രവർത്തിച്ചത്. 1991 മാർച്ച് മാസത്തിൽ യുജിസി ചെയർമാനായിരന്നു. 1991 ജൂണിൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ധനമന്ത്രിയാവാൻ പുതിയ പ്രധാനമന്ത്രി നരസിംഹ റാവുവിൽ നിന്ന് അപ്രതീക്ഷിത ഫോൺ കോൾ മൻമോഹൻ സിങിനെ തേടിയെത്തി. ഇവിടെയാണ് മൻമോഹൻ സിങിന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അസമിൽ നിന്നുള്ള രാജ്യസഭാംഗമായതാണ് കേന്ദ്രസർക്കാരിൽ അദ്ദേഹമെത്തിയത്. പിന്നീട് തുടർച്ചയായി 4 തവണ അസമിൽ നിന്നുള്ള രാജ്യസഭാംഗമായി.
ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് സിങ് ധനമന്ത്രിയാവുന്നത്. ധനകമ്മി ജിഡിപിയുടെ 8.5 % , വിദേശനാണ്യ കരുതൽ ശേഖരം കഷ്ടിച്ച് 2 ആഴ്ചത്തേക്കുകൂടി മാത്രം എന്ന സ്ഥിതിയായിരുന്നു അന്ന്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് വായ്പയെടുക്കാൻ രാജ്യം നിർബന്ധിതമായപ്പോൾ കടുത്ത സാമ്പത്തിക നടപടികളാണ് തിരികെ ഐഎംഎഫ് ആവശ്യപ്പെട്ടത്. ലൈസൻസ് രാജ് നീക്കാനും വിപണി വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനും മൻമോഹൻ സിങ് നിർബന്ധിതനായി. ഇറക്കുമതി ചുങ്കം കുറച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അടക്കം സാമ്പത്തിക പരിഷ്കാരങ്ങളോട് മുഖം തിരിച്ച നേതാക്കളോട് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
അക്കാലത്തെ വാണിജ്യ സഹമന്ത്രി പി ചിദംബരം, മൻമോഹൻ സിങിനെ ഉപമിച്ചത് ഡെൻ സിയാവോപിങിനോടായിരുന്നു. 1992-93 കാലത്ത് ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 5.1 % ലേക്കും 1993-94 കാലത്ത് വളർച്ച നിരക്ക് 7.3 % ലേക്കും ഉയർന്നു. ആർ.എൻ.മൽഹോത്ര കമ്മിറ്റി റിപ്പോർട്ട് ഈ കാലത്ത് ഇൻഷുറൻസ് മേഖലയിൽ നടപ്പിലാക്കി. പിന്നീട് കോൺഗ്രസിന് ഭരണം നഷ്ടമായപ്പോൾ 1998-2004 കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി മൻമോഹൻ സിങ് മാറി. വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വലംകൈയായിരുന്നു അദ്ദേഹം.
1999ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹി സൗത്ത് മണ്ഡലത്തിൽ ബിജെപിയുടെ വി കെ മൽഹോത്രയോട് പരാജയപ്പെട്ടിരുന്നു. പാർട്ടിയിലെ പ്രമുഖർ ചതിച്ചതാണെന്ന് പിന്നീട് തെളിഞ്ഞു. 2004ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഡിഎംകെ, ആർജെഡി, എൻസിപി, തുടങ്ങി മറ്റു ചെറു പാർട്ടികളെയും തുന്നിച്ചേർത്ത് കോൺഗ്രസ് യുപിഎ മുന്നണി രൂപീകരിച്ചു. 60 എംപിമാരുമായി ഇടതു പാർട്ടികൾ പുറമേ നിന്ന് പിന്തുണച്ചു. തനിക്ക് ലഭ്യമായ പ്രധാനമന്ത്രി സ്ഥാനം നിരസിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മൻമോഹൻ സിങിനെ പ്രധാനമന്ത്രിയായി നിർദേശിച്ചതോടെയാണ് അദ്ദേഹം ഈ പവിയിലെത്തിയത്. ആദ്യമായി ഒരു സിഖ് മതസ്ഥനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയതിലൂടെ സിഖ് വിരോധം തണുപ്പിക്കാനും സോണിയ ഗാന്ധിക്ക് കഴിഞ്ഞു
സഖ്യ സർക്കാരിന്‍റെ പരിമിതിയിൽ വകുപ്പുകൾ തീരുമാനിച്ചതിൽ മൻമോഹൻ സിങിന് വലിയ പങ്കില്ലായിരുന്നു. എങ്കിലും പൗരാവകാശ കേന്ദ്രീകൃതമായി ഒട്ടേറെ നിയമ നിർമ്മാണങ്ങൾ നടന്നു. കാർഷിക കട ബാധ്യതകൾ എഴുതിത്തള്ളി. ഒന്നാം യുപിഎ സർക്കാർ ചരിത്രപരമായി വർഷത്തിൽ 100 ദിവസം തൊഴിൽ ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നികത്തി. ഭരണ നിർവ്വഹണം സംബന്ധിച്ച കാര്യങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന വിപ്ലവകരമായ വിവരാവകാശ നിയമം 2005ൽ പാസ്സാക്കി. ഈ നിയമത്തിന്‍റെ ബലത്തിലാണ് പിൽക്കാലത്ത് ഒട്ടേറെ അഴിമതികൾ പുറത്തായത്.
2005ൽ വിൽപ്പന നികുതിക്ക് പകരം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തി. ആരോഗ്യ മേഖലയിൽ നാഷണൽ റുറൽ ഹെൽത്ത് മിഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27 % സീറ്റുകൾ പിന്നോക്ക വിഭാഗക്കാർക്കായി സംവരണം ചെയ്തു. 2006ൽ വനഭൂമിക്കും വനവിഭവങ്ങൾക്കുംമേൽ ആദിവാസികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് വനാവകാശ നിയമവും കൊണ്ടുവന്നു. 2007ൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ച നിരക്ക് 9 % ആയി ഉയർന്നു. ലോകത്ത് അതിവേഗ വളർച്ചയുടെ പാതയിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി തകരാതെ മൻമോഹൻ-ചിദംബരം കൂട്ടുകെട്ട് പിടിച്ചു നിർത്തി.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ധനകാര്യ വകുപ്പ് ഏറ്റെടുത്തിട്ട് പി ചിദംബരത്തെ ആഭ്യന്തര മന്ത്രിയാക്കി. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി രൂപീകരിച്ചു. വിവിധ സർക്കാർ സേവനങ്ങൾ അഴിമതി രഹിതമായി ലഭ്യമാക്കാൻ രാജ്യത്തെ എല്ലാ പൗരൻമാർക്കും കേന്ദ്രീകൃത തിരിച്ചറിയൽ കാർഡ് നൽകാനായി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനം രൂപീകരിച്ചു.
കശ്മീരിൽ കുറച്ചു കാലത്തേക്കെങ്കിലും സമാധാനം പുനസ്ഥാപിക്കാൻ കഴിഞ്ഞുവെന്നതും മൻമോഹൻ സിങിൻ്റെ നേട്ടമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾ കുറയ്ക്കാൻ കഴിഞ്ഞു. ഇന്ത്യ അമേരിക്ക സിവിലിയൻ ആണവകരാറിനു വേണ്ടി ഇടതുപക്ഷത്തിന്‍റെ പിന്തുണ നഷ്ടപ്പെടുമെന്നായപ്പോൾ പാർട്ടിയും അഭ്യുദയകാംക്ഷികളും കരാർ വേണ്ടെന്നു വെക്കാൻ മൻമോഹനെ ഉപദേശിച്ചു. പക്ഷെ, അദ്ദേഹം കരാറിനുവേണ്ടി ഉറച്ചുനിന്നു. ആണവോർജ്ജ രംഗത്തെ ഉപരോധം നീക്കിക്കിട്ടുന്നത് രാജ്യത്തിന്‍റെ ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്ക് അവശ്യമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
2008ൽ ഇടതുപാർട്ടികൾ പിന്തുണ പിൻവലിച്ചതോടെ സഭയിൽ വിശ്വാസ വോട്ട് നേടാൻ വോട്ടിന് പകരം നോട്ട് നൽകിയെന്ന ആരോപണം കളങ്കമായി.2009ലെ പൊതുതിരഞ്ഞടുപ്പിൽ യുപിഎ മുന്നണി ഭൂരിപക്ഷം നേടി മൻമോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. പക്ഷെ രണ്ടാം യുപിഎ സർക്കാർ അഴിമതി ആരോപണങ്ങളിൽ മുങ്ങി. കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പ്, 2ജി സ്പെക്ട്രം ലേലം മുതലായ കുംഭകോണങ്ങൾ മൻമോഹൻ സിങ് ഭരണത്തിന്‍റെ ശോഭ കെടുത്തി. ഒടുവിൽ 2013ൽ മൻമോഹൻ സിങ് വിദേശ പര്യടനത്തിലായിരിക്കെ കേന്ദ്ര സർക്കാരിന്‍റെ ഓർഡിനൻസ് വലിച്ചുകീറി ചവറ്റുകുട്ടയിലിടണമെന്ന രാഹുൽ ഗാന്ധിയുടെ അപക്വമായ പ്രസ്താവനയും സിങിനെ വിഷമത്തിലാക്കി.
പോക്കറ്റിൽ രാജിക്കത്തുമായാണ് അച്ഛൻ നടന്നിരുന്നതെന്ന് മൻമോഹൻ സിങിനെ കുറിച്ച് മകൾ ദമൻ സിങ്ങ് എഴുതിയ ജീവചരിത്രത്തിൽ പറഞ്ഞിട്ടുണ്ട്. 2009ൽ വിദ്യാഭ്യാസാവകാശ നിയമവും 2013ൽ ഭക്ഷ്യസുരക്ഷ നിയമവും നടപ്പാക്കി. മൻമോഹ സിങിന്‍റെ 10 വർഷ ഭരണക്കാലത്ത് വിദേശ രാജ്യങ്ങളുമായെല്ലാം ബന്ധം മെച്ചപ്പെടുത്താൻ കഴിഞ്ഞു. ഇന്ത്യ ചൈന ബന്ധത്തിൽ വലിയ പുരോഗതി കൈവരിച്ചു. വിദേശ രാഷ്ട്രത്തലവൻമാർക്കിടയിൽ മൻമോഹൻ സിങിന് വലിയ സ്വീകാര്യതയായിരുന്നു. അമേരിക്കൻ പ്രസിഡന്‍റായിരുന്ന ബരാക്ക് ഒബാമ ഏറ്റവും ചിലവേറിയ വിരുന്നു സൽക്കാരം നടത്തിയത് മൻമോഹൻ സിങിനായിരുന്നു.
2016 നവംബറിൽ മോദി സർക്കാർ നടപ്പാക്കിയ നോട്ട് അസാധുവാക്കലിനെ ചരിത്രപരമായ വിഡ്ഡിത്തമെന്ന് രാജ്യസഭയിൽ അദ്ദേഹം വിമർശിച്ചു. കാർഷിക രംഗത്തെയും അസംഘടിത മേഖലയെയും ചെറുകിട വ്യവസായങ്ങളെയും തകർത്ത് രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചാ നിരക്ക് 2% എങ്കിലും കുറയുമെന്ന് അന്ന് സിങ് പ്രവചിച്ചു. 2019 സാമ്പത്തിക വർഷ ആദ്യ പാദത്തിൽ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച നിരക്ക് 5 ശതമാനത്തിലേക്ക് കൂപ്പ് കുത്തിയപ്പോഴും സിങ് മോദി സർക്കാരിന് മുന്നറിയിപ്പ് നൽകി.
സാമ്പത്തികമാന്ദ്യം മറികടക്കാൻ ആറിന നിർദേശങ്ങളും നൽകി. മൂന്ന് പെൺ മക്കളുടെ പിതാവാണ് അദ്ദേഹം. മൂത്ത മകൾ ഉപീന്ദർ സിങ് ദില്ലി സർവകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു. രണ്ടാമത്തെ മകൾ ദമൻ സിങ് എഴുത്തുകാരിയാണ്. ഇളയ മകൾ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയാണ്