തത്സമയവാർത്ത അവതരിപ്പിക്കുന്നതിനിടെ ദൂരദർശൻ അവതാരക കുഴഞ്ഞു വീണു. പശ്ചിമ ബംഗാളിലെ കനത്ത ചൂടിന്റെ വാർത്ത അവതരിപ്പിക്കുമ്ബോള്‍ ദൂരദർശൻ്റെ കൊല്‍ക്കത്ത സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന ലോപാമുദ്ര സിൻഹ എന്ന യുവതിയാണ് ബോധരഹിതയായത്. ഇക്കാര്യം അവർ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വാർത്ത വായിക്കുന്നതിനിടെ തന്റെ രക്തസമ്മർദം പെട്ടെന്ന് താഴ്ന്നതാണ് കുഴഞ്ഞു വീഴാൻ കാരണം എന്ന് അവർ വെളിപ്പെടുത്തി.
“വാർത്താ സംപ്രേക്ഷണത്തിന് മുമ്ബ് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വെള്ളം കുടിച്ചാല്‍ അത് ശരിയാകും എന്ന് കരുതി ഒരു ഗ്ലാസ് വെള്ളം എടുത്തുവെച്ചെങ്കിലും ലൈവിനിടയില്‍ കുടിക്കാൻ സാധിച്ചില്ല ” എന്നും സിൻഹ പറഞ്ഞു. വാർത്തകള്‍ വായിക്കുന്നത് തുടർന്നതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. ഒടുവില്‍ കനത്ത ചൂട് സംബന്ധിച്ച വാർത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടയില്‍ താൻ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
” എൻ്റെ ശബ്ദം താഴ്ന്നു. പിന്നീട് ടെലിപ്രോംപ്റ്ററില്‍ കാഴ്ച മങ്ങുന്നതായി അനുഭവപ്പെട്ടു” എന്നും അവർ കൂട്ടിച്ചേർത്തു.
ഏപ്രില്‍ 18 ന് രാവിലെ 8.30 ഓടെയാണ് വാർത്ത വായിക്കുന്നതിനിടെ സിൻഹ ബോധരഹിതയായി വീണത്. “അപ്പോള്‍ ചൂട് കൂടുതലായിരുന്നു. രക്തസമ്മർദ്ദം താഴ്ന്നു. വാർത്ത വായിക്കുന്നതിനു മുൻപും അസ്വസ്ഥത തോന്നിയിരുന്നു. വെള്ളം കുടിച്ചാല്‍ ശരിയാകും എന്നാണ് കരുതിയത്. ഫ്ലോർ മാനേജരോട് വെള്ളം ചോദിച്ചു.. സ്റ്റുഡിയോയില്‍ എയർകണ്ടീഷൻ ഉണ്ടായിരുന്നെങ്കിലും അന്ന് അസഹനീയമായ ചൂട് അനുഭവപ്പെട്ടിരുന്നു,” അവതാരക പറഞ്ഞു.
ഏതാണ്ട് 21 വർഷത്തെ പ്രവർത്തി പരിചയമുള്ള സിൻഹ വളരെ അപൂർവമായി മാത്രമാണ് തന്റെ മേശപ്പുറത്ത് വെള്ളം കരുതാറുള്ളത്. കാരണം 30 മിനിറ്റ് മാത്രമാണ് വാർത്ത വായിക്കുന്നത്. അതിനാല്‍ വെള്ളം കുടിക്കാതെ തന്നെ വാർത്ത വായിച്ചു തീർക്കാൻ സാധിക്കുമായിരുന്നു എന്നും യുവതി പറഞ്ഞു. എന്നാല്‍ വ്യാഴാഴ്ച പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യങ്ങള്‍. വെള്ളം കുടിക്കാൻ തോന്നിയെങ്കിലും തല്‍സമയ സംപ്രേക്ഷണമായതിനാല്‍ സാധിച്ചില്ല. വ്യാഴാഴ്ച ഭൂരിഭാഗം വാർത്തകളും വന്നത് പൊതുവിഭാഗത്തില്‍ നിന്നായിരുന്നു. അതിനാല്‍ വാർത്ത സംബന്ധിച്ച ദൃശ്യങ്ങള്‍ ഒന്നും ഇടയില്‍ കാണിച്ചിരുന്നില്ല. അതിനാല്‍ ഇടവേളയില്‍ വെള്ളം കുടിക്കാൻ കഴിഞ്ഞില്ല,” സിൻഹ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സൗത്ത് 24 പാർഗാണാസ്, നോർത്ത് 24 പാർഗാണാസ്, പുർബ, പശ്ചിമ ബർധമാൻ, പശ്ചിമ മേദിനിപൂർ, പുരുലിയ, ജാർഗ്രാം, ബിർഭും, മുർഷിദാബാദ്, ബങ്കുര ജില്ലകളില്‍ കനത്ത ഉഷ്ണതരംഗമാണ് നിലനില്‍ക്കുന്നത്. ഒഡീഷയുടെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും പശ്ചിമ ബംഗാളിലും ഏപ്രില്‍ 22 വരെ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കല്‍ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി) സൂചന നല്‍കിയിരുന്നു. വിദർഭ, മറാത്ത്‌വാഡ, രായലസീമ എന്നിവിടങ്ങളിലും മധ്യമഹാരാഷ്ട്ര, തെലങ്കാന, ഛത്തീസ്ഗഡ്, ഒഡീഷ, വടക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും നിലവില്‍ 42 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂടുള്ളത്.
ഒഡീഷയില്‍ ഏപ്രില്‍ 15 ന് സൂര്യാഘാതം മൂലം ആദ്യ മരണം റിപ്പോർട്ട് ചെയ്തിരുന്നു.