മൈസൂര് സന്ദര്ശനത്തില് പ്രധാന മന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിലെ 80 ലക്ഷം രൂപയുടെ ബില് സംസ്ഥാന സര്ക്കാര് നല്കുമെന്ന് കര്ണാടക വനം മന്ത്രി ഈശ്വര് ഖന്ദ്രെ.
കഴിഞ്ഞ വര്ഷം ഏപ്രിലില് ആയിരുന്നു മോദിയുടെ മൈസൂരു സന്ദര്ശനം. നാഷണല് ടൈഗര് കണ്സര്വേഷന് അതോറിറ്റി സംഘടിപ്പിച്ച പ്രോജക്‌ട് ടൈഗര് ഇവന്റിന്റെ 50ാം വാര്ഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയത്.
ഏപ്രില് 9 മുതല് 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസര്ക്കാരിന്റെ നിര്ദേശം. ചടങ്ങിലുടനീളം കേന്ദ്രസഹായം ഉറപ്പു നല്കുകയും ചെയ്തു. 3 കോടിയായിരുന്നു പരിപാടിയുടെ നടത്തിപ്പിന് അനുവദിച്ചിരുന്ന തുക. എന്നാല് പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടു തന്നെ ചെലവ് ഇരട്ടിയാവുകയായിരുന്നു.
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികള് വരുമ്ബോള് അവരെ സ്വീകരിക്കുന്നത് സംസ്ഥാന സര്ക്കാരിന്റെ പാരമ്ബര്യമാണ്. എന്നാല് കഴിഞ്ഞ വര്ഷം കര്ണാടകയില് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നു. അതിനാല് സംസ്ഥാന സര്ക്കാര് പരിപാടിയുടെ ആസൂത്രണത്തില് ഏര്പ്പെട്ടിരുന്നില്ലെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില് പറഞ്ഞു.
സംസ്ഥാന സര്ക്കാരിന്റെ കീഴിലുള്ള വനംവകുപ്പ് നാഷണല് ടൈഗര് കണ്സര്വേഷന് അതോറിറ്റിക്ക് കത്തയച്ചിരുന്നു. ഹോട്ടല് ബില് തുകയായ 80 ലക്ഷം രൂപ സംസ്ഥാന സര്ക്കാര് നല്കണമെന്ന് അവര് അറിയിച്ചു. തങ്ങള് ഈ തുക തിരിച്ചടയ്ക്കാന് തീരുമാനിച്ചിട്ടുണ്ട്. അതിനാല് പ്രശ്നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം നേരത്തെ ബില് കുടിശ്ശിക ചൂണ്ടിക്കാട്ടി റാഡിസണ് ബ്ലൂ ഫിനാന്സ് ജനറല് മാനേജര് വനംവകുപ്പ് അധികൃതര്ക്ക് അയച്ച സന്ദേശത്തില് തുക അടയ്ക്കാന് വൈകുന്ന പക്ഷം 12.09 ലക്ഷം രൂപ അധികം പലിശയിനത്തിലും അടയ്ക്കണമെന്നാണ് പറയുന്നത്. 2024 ജൂണ് 1നകം പണമടച്ചില്ലെങ്കില് നിയമനടപടികളിലേക്ക് കടക്കുമെന്നും ഹോട്ടല് മുന്നറിയിപ്പ് നല്കിയിരുന്നു.