Home Featured കര്‍ണാടക ബന്ദ്; എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍: പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് ഡികെ ശിവകുമാര്‍

കര്‍ണാടക ബന്ദ്; എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍: പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് ഡികെ ശിവകുമാര്‍

by admin

മാർച്ച്‌ 22 ന് കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ബന്ദിനെതിരെ കെ പി സി സി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ.ബന്ദ് ശരിയായ സമീപനമല്ലെന്നും ഇത് ബോധ്യപ്പെടുത്താന്‍ ബന്ദിന് ആഹ്വാനം ചെയ്ത സംഘടനകളുമായി സംസാരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ബന്ദുമായി മുന്നോട്ട് പോകാനാണ് സംഘടനകള്‍ തീരുമാനിക്കുന്നതെങ്കില്‍ അത് എസ് എസ് എല്‍ സി പരീക്ഷകളേയടക്കം ബാധിക്കുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ചലവടി നാരായണസ്വാമി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘ഇത്തരം പ്രതിഷേധങ്ങള്‍ നിർണായകമായ ബോർഡ് പരീക്ഷ എഴുതുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും. ലോക ജലദിനത്തോടനുബന്ധിച്ച്‌ മാർച്ച്‌ 22 ന് കാവേരി ആരതിയോടൊപ്പം ഒരു മാസം നീണ്ടുനില്‍ക്കുന്ന ജലസംരക്ഷണ സംരംഭം ആരംഭിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്’ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സമയത്ത് ഇത്തരമൊരു ബന്ദ് ആവശ്യമുണ്ടായിരുന്നില്ല. ബന്ദ് പ്രഖ്യാപിക്കുന്നതിന് മുമ്ബ് സംഘടനകള്‍ സംസ്ഥാന സർക്കാറുമായി ചർച്ച നടത്തണമായിരുന്നു. ഞങ്ങള്‍ ഒരു ബന്ദിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. കോടതികളും ഒരു ബന്ദിനെ പിന്തുണയ്ക്കുന്നില്ല. രാഷ്ട്രീയ പാർട്ടിയുടേത് ആയാലും ഏതെങ്കിലും ഗ്രൂപ്പ് പ്രഖ്യാപിക്കുന്ന ബന്ദ് ആയാലും എല്ലാത്തിനോടും സർക്കാറിനോട് ഒരേ സമീപനമാണ്. കന്നഡ സംഘടനകളോട് സംസാരിക്കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനവ്യാപകമായി നടക്കുന്ന ബന്ദിന് വ്യാപകമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവെന്നാണ് കന്നഡ ഒക്കുട്ട നേതാവും ആക്ടിവിസ്റ്റുമായ വാട്ടല്‍ നാഗരാജ് ബുധനാഴ്ച പറഞ്ഞത്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയ പാർട്ടികളും ടി എ നാരായണ ഗൗഡയും പ്രവീണ്‍ ഷെട്ടിയും നയിക്കുന്ന കർണാടക രക്ഷണ വേദികെ പോലുള്ള ശക്തമായ സംഘടനകളും ബന്ദിനെ പിന്തുണച്ചിട്ടില്ല.ബെലഗാവിയില്‍ മറാത്തി ഗ്രൂപ്പുകള്‍ കെ എസ് ആർ ടി സി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട ‘ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഉള്‍പ്പെടെയുള്ള ട്രാൻസ്‌പോർട്ട് അസോസിയേഷനുകളും ഏതാനും സ്വകാര്യ ബസ് അസോസിയേഷനുകളും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group