ബെംഗളൂരു∙ വിമാനത്താവളത്തിലേക്കുള്ള വെബ്ടാക്സികൾ യാത്രക്കാരിൽനിന്ന് ബുക്കിങ് നിരക്കിനെക്കാൾ കൂടുതൽ പണം ഈടാക്കുന്നതായി വ്യാപക പരാതി. പകുതി വഴി പിന്നിടുമ്പോൾ അടിയന്തരമായി ഇന്ധനം നിറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു പണം വാങ്ങുന്നത്. 500–1000 രൂപവരെ ഇത്തരത്തിൽ ഈടാക്കുന്നുണ്ട്. മൊബൈൽ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ തന്നെ ഇന്ധനത്തിന്റെ ഉൾപ്പെടെയുള്ള നിരക്ക് ഈടാക്കുന്നു.പണം നൽകാൻ വിസമ്മതിച്ചാൽ ഭീഷണിയും മോശമായ സംസാരവും പതിവാണ്. വിമാനത്താവളത്തിലേക്കുള്ള യാത്ര വൈകിയാൽ ഉണ്ടാകുന്ന നഷ്ടം ഓർത്തു പലരും അധിക പണം നൽകും. എസി ഉപയോഗിക്കുന്നതിനും യാത്ര അവസാനിപ്പിക്കുമ്പോഴും കൂടുതൽ തുക ആവശ്യപ്പെടുന്നതായും പരാതികൾ ഉയർന്നിരുന്നു.
യാത്രക്കാരിയെ അപമാനിച്ച ഡ്രൈവർക്കെതിരെ കേസ്: ഇന്ധനത്തിന് അധിക നിരക്ക് നൽകാൻ വിസമ്മതിച്ച വനിതാ ഡോക്ടറെ അപമാനിച്ച വെബ്ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്തു. ബസവരാജുവിനെതിരെയാണ് പരാതി. ഡൽഹിയിൽനിന്ന് എത്തിയ യുവതി വീട്ടിലേക്ക് പോകുന്നതിനാണ് വെബ് ടാക്സി ബുക്ക് ചെയ്തത്.ബുക്ക് ചെയ്തപ്പോൾ ലഭിച്ച നമ്പറിലുള്ള കാറല്ല വന്നത്. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ മറ്റേ കാർ തകരാറിലായെന്നും പകരമുള്ള കാറാണെന്നും ഡ്രൈവർ ബസവരാജു പറഞ്ഞു.
ബുക്കിങ് സമയത്ത് 1300 രൂപയാണ് കാണിച്ചത്. കുറച്ചുവഴി പിന്നിട്ടപ്പോൾ ഇന്ധനം നിറയ്ക്കണമെന്നും 500 രൂപ നൽകണമെന്നും പറഞ്ഞു. ഇത് നിരസിച്ചപ്പോൾ ഡ്രൈവർ മോശമായി സംസാരിച്ചു. ഉടൻ തന്നെ പൊലീസ് ഹെൽപ് ലൈൻ നമ്പറിൽ വിവരം അറിയിച്ചു. ഇതിനിടെ ഡ്രൈവർ കാറുമായി കടന്നുകളഞ്ഞു.