Home Featured മൈസൂരുവില്‍ പുതിയ ബസ്‍സ്റ്റാൻഡ് നിര്‍മിക്കാൻ കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം

മൈസൂരുവില്‍ പുതിയ ബസ്‍സ്റ്റാൻഡ് നിര്‍മിക്കാൻ കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം

by admin

മൈസൂരുവിലെ ബന്നിമണ്ഡപില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ കർണാടക മന്ത്രിസഭയുടെ അംഗീകാരം.കെ.എസ്.ആർ.ടി.സി തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പ്രകാരം 120 കോടിയാണ് പദ്ധതിയുടെ നിർമാണ ചെലവ് കണക്കാക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തട്ടകം കൂടിയായ മൈസൂരുവിലെ ജനങ്ങള്‍ക്കായുള്ള പുതുവർഷ പ്രഖ്യാപനം കൂടിയാണിത്.മൈസൂരുവിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്നുള്ള 61 ഏക്കർ ഭൂമിയുള്ള ബന്നിമണ്ഡപിലെ നെല്‍സണ്‍ മണ്ടേല റോഡില്‍ 14 ഏക്കർ സ്ഥലത്താണ് പുതിയ ബസ് സ്റ്റാൻഡ് വരുന്നത്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരഹൃദയത്തിലെ റൂറല്‍ ബസ് സ്റ്റാൻഡ് പുതിയ ബസ് സ്റ്റാൻഡിലേക്ക് മാറ്റും. 100 ബസുകള്‍ക്ക് ഒരേസമയം പാർക്കിങ് സൗകര്യം, 30 ഇലക്‌ട്രിക് ബസുകള്‍ ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം, ബാറ്ററി റീചാർജ് ചെയ്യാനുള്ള സൗകര്യം എന്നിവ ബസ് സ്റ്റാൻഡിലുണ്ടാകും. നിർദിഷ്ട ബസ് സ്റ്റാൻഡിന് താഴത്തെ നിലയും ഭൂഗർഭ നിലയും പാർക്കിങ് സ്ഥലമാക്കി മാറ്റും. ഇതിനായി 65 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 35 കോടി ചെലവുവരുന്ന രണ്ടാംഘട്ട പ്രവൃത്തികളില്‍ വാണിജ്യ സമുച്ചയവും മറ്റു സൗകര്യങ്ങളും ഉള്‍പ്പെടും. യാത്രക്കാരുടെ സൗകര്യത്തിനായി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും പാർക്കും കർമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൈസൂരു നഗരത്തിനകത്തും അന്തർ ജില്ല റൂട്ടുകളിലും സർവിസ് നടത്തുന്ന ബസുകളുടെ എണ്ണത്തില്‍ വർധനയുണ്ടായതായി മൈസൂരു കെ.എസ്.ആർ.ടി.സി റൂറല്‍ ഡിവിഷൻ കണ്‍ട്രോളർ ബി. ശ്രീനിവാസ് പറഞ്ഞു. ഇതോടെ സബ്-അർബൻ ബസ് സ്റ്റാൻഡില്‍ പലപ്പോഴും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിന് പരിഹാരമായാണ് വിശാലമായ സൗകര്യങ്ങളോടെ പുതിയ ബസ്‍സ്റ്റാൻഡ് സ്ഥാപിക്കുന്നത്. നിർമിക്കാനുള്ള നിർദേശം ഡി.പി.ആർ സഹിതം സർക്കാറിന് സമർപ്പിച്ചിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി എം.ഡി വി. അൻപുകുമാർ അടുത്തിടെ സ്ഥലം പരിശോധിച്ച ശേഷം സർക്കാറിന് റിപ്പോർട്ട് കൈമാറുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group