ബംഗളുരു: അമിത വേഗത്തില്‍ ഓടിച്ച ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലർച്ചെ ബംഗുരു നഗരത്തിലായിരുന്നു സംഭവം.നീലസാന്ദ്ര സ്വദേശികളായ ശൈഖ് അസ്ലം ബഷീർ (24), ശൈഖ് ശക്കീല്‍ ബഷീർ (23) എന്നിവരാണ് മരിച്ചത്.പുലർച്ചെ 4.30ഓടെയാണ് അപകടം സംഭവിച്ചതെന്ന് ബംഗളുരു വെസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അനിത ഹദ്ദന്നവർ പറഞ്ഞു. ഹോട്ടല്‍ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരായിരുന്നു ഇരുവരും. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഒരു സുഹൃത്തിന്റെ കൈയില്‍ നിന്ന് കടമായി വാങ്ങിയ ബൈക്കിലായിരുന്നു യാത്ര.
സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇവരുടെ ഹോട്ടലിലേക്ക് പോകുന്നതിനിടെ ഇടയ്ക്ക് വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി പിന്നീട് മോർച്ചറിയിലേക്ക് മാറ്റി. അശോക് നഗർ പൊലീസ് അപകടത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അബദ്ധത്തില്‍ പേടിഎം ചെയ്തത് രണ്ടുതവണ! യുവതിക്ക് അധികതുക തിരിച്ചുനല്‍കാത്ത കടക്കാരന് അഞ്ചിരട്ടി പിഴ
തെറ്റായി അക്കൗണ്ടിലെത്തിയ പണം യുവതിക്ക് തിരിച്ചുനല്‍കാത്ത കടയുടമക്ക് 10,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി.തൃശൂരിലാണ് സംഭവം. പരാതിക്കാരിക്ക് നല്‍കേണ്ട 2,123 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും 2022 ഓഗസ്റ്റ് 26 മുതല്‍ 9 ശതമാനം പലിശയും കേസിന്റെ ചെലവിലേക്ക് 2,500 രൂപയും നല്‍കാനാണ് തൃശൂര്‍ ഉപഭോക്തൃ സംരക്ഷണ കോടതിയുടെ ഉത്തരവ്.
2022 ഓഗസ്റ്റിലാണ് നിയമ നടപടിയിലേക്ക് നയിച്ച സംഭവങ്ങള്‍ നടക്കുന്നത്. തൃശൂരിലെ ഒരു ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ നിന്നും 2,123 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങിയ ശേഷം പഴയന്നൂര്‍ സ്വദേശിനി കൂര്‍ക്കപ്പറമ്ബില്‍ വീട്ടില്‍ കെ.സി ഷൈനി പേടിഎം വഴി പണമടച്ചു. എന്നാല്‍ അബദ്ധത്തില്‍ രണ്ടുതവണ പണം കടയുടമയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റായി. ആദ്യ ശ്രമത്തില്‍ പണം അക്കൗണ്ടിലെത്തിയില്ലെന്ന് കരുതി രണ്ടാമതും അയക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ ഷൈനി തെറ്റായി അക്കൗണ്ടിലെത്തിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടയുടമ അനുകൂല നിലപാട് സ്വീകരിച്ചില്ല. നിരവധി തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് കടയിലെത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
കടയുടമയുടെ നടപടി അനുചിതമാണെന്ന് വിലയിരുത്തിയ തൃശൂര്‍ ഉപഭോക്തൃ കോടതി പ്രസിഡണ്ട് സി.ടി.സാബു, മെമ്ബര്‍മാരായ ശ്രീജ.എസ്, ആര്‍.റാം മോഹന്‍ എന്നിവര്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു. എതിര്‍ഭാഗം ഹാജരാകാത്തതിനാല്‍ എക്സ്-പാർട്ടി വിധിയായിരുന്നു. ഹര്‍ജിക്കാരിക്ക് വേണ്ടി എ.ഡി.ബെന്നി ഹാജരായി.