ബെംഗളൂരു: മുൻ കോൺഗ്രസ് ദേശീയവക്താവും സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കാലപ്പ വീണ്ടും കോൺഗ്രസിലെത്തി. 2022-ൽ കോൺഗ്രസിൽനിന്ന് രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. കർണാടക കോൺഗ്രസ് ആസ്ഥാനത്തുനടന്ന ചടങ്ങിൽ അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ സ്വീകരിച്ചു. ചടങ്ങിൽ മുൻ ജെ.ഡി.എസ്. എം.പി.യും നിലവിൽ ബി.ജെ.പി. നേതാവുമായ എൽ.ആർ. ശിവരാമെ ഗൗഡയും കോൺഗ്രസിൽ ചേർന്നു. നേരത്തെ കോൺഗ്രസ് നേതാവായിരുന്ന ശിവരാമെ ഗൗഡ ജെ.ഡി.എസിലേക്ക് മാറിയിരുന്നു.
2023-ൽ ജെ.ഡി.എസ്. വിട്ട അദ്ദേഹം ബി.ജെ.പി.യിൽ ചേരുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ ചേതൻ ഗൗഡയും കോൺഗ്രസിൽച്ചേർന്നു.ഒട്ടേറെ നേതാക്കൾ കോൺഗ്രസിൽ ചേരാൻ ആഗ്രഹംപ്രകടിപ്പിച്ചിട്ടുണ്ടെന്നും വിവിധ അവസരങ്ങളിലായി ഇവരെ പാർട്ടിയിൽ ഉൾപ്പെടുത്തുമെന്നും ശിവകുമാർ പറഞ്ഞു. കോൺഗ്രസിൽനിന്ന് ബി.ജെ.പി.യിലേക്കും ജെ.ഡി.എസിലേക്കും ആം ആദ്മി പാർട്ടിയിലേക്കും പോയവർ മടങ്ങിവരാൻ ആഗ്രഹിക്കുകയാണ്.
ബെംഗളൂരു കോർപ്പറേഷനുൾപ്പെടെയുള്ള തദ്ദേശതിരഞ്ഞെടുപ്പുകൾക്ക് ഒരുക്കങ്ങൾ ആരംഭിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുപ്രഖ്യാപനം ഏതുസമയവുമുണ്ടാകാം. സംസ്ഥാനത്ത് കോൺഗ്രസിന് 104 ഓഫീസുകൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് മദ്യപാനം മൂലമുള്ള കാൻസറുകളില്‍ ക്രമാതീതമായ വര്‍ധന; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്‌ദര്‍
മദ്യപാനം മൂലമുള്ള കാൻസറുകള്‍ ഇന്ത്യയില്‍ വർധിച്ച് വരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്ധർ.ലഹരിപാനീയങ്ങളിൽ ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം പുറത്തിറക്കിയതിന് പിന്നാലെയാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മദ്യപാനം കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ 20-ലധികം തരം കാൻസറുകൾക്ക് മദ്യത്തിന്റെ ഉപയോഗം കാരണമാകുന്നു.
മദ്യപാനം വായ, തൊണ്ട, അന്നനാളം, ആമാശയം, വൻകുടൽ, മലാശയം, പാൻക്രിയാസ് എന്നിവയുമായി ബന്ധപ്പെട്ട കാൻസറുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി വാസ്കുലർ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റും എൻഡോവാസ്കുലർ സർജനുമായ ഡോ. പുനീത് ഗാർഗ് ഐഎഎൻഎസിനോട് ചൂണ്ടിക്കാട്ടി. സ്ത്രീകളിൽ സ്തനാർബുദത്തിനും പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറിനും ഇത് കാരണമാകുന്നു.
മദ്യത്തെ അർബുദത്തിനുള്ള പ്രധാനകാരണമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ആഗോളതലത്തിൽ കാൻസറിന്റെ വ്യാപനത്തിൽ മദ്യം സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള കാൻസർ രോഗികളിൽ ഏകദേശം 4 ശതമാനവും മദ്യപാനം മൂലമാണ്. 2020-ൽ ഇന്ത്യയിൽ ഏകദേശം 62,100 പുതിയ കാൻസർ രോഗികൾ ഉണ്ടാകാൻ മദ്യപാനം കാരണമായെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം വ്യക്തമാക്കുന്നു.
ദീർഘകാല മദ്യപാനം രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനുമുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിഎൻഎയെയും പ്രോട്ടീനുകളെയും നശിപ്പിക്കുന്ന ഒരു വിഷ സംയുക്തമായ അസറ്റാൽഡിഹൈഡായി മദ്യം മാറുന്നു. ഇത് നമ്മുടെ ആരോഗ്യത്തിലും ശരീരത്തിന്റെ പ്രവർത്തനങ്ങളിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.