ബംഗളൂരു: പരീക്ഷയില്‍ മാർക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തർക്കം അവസാനിച്ചത് കൊലപാതകത്തില്‍. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ബിരുദ വിദ്യാർഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. 60കാരിയായ അമ്മ പത്മജ പരിക്കുകളോടെ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരീക്ഷയില്‍ മാർക്ക് കുറഞ്ഞതിനെച്ചൊല്ലി പത്മജ മകളോട് ചോദിക്കുകയും ഇത് തർക്കത്തിലേക്ക് നയിക്കുകയുമായിരുന്നു. രൂക്ഷമായ വാക്കുതർക്കം കത്തിയെടുത്തുള്ള ഭീഷണിയിലെത്തി.
പത്മജക്ക് നാലു തവണ കുത്തേറ്റു. സാഹിത്യക്ക് കഴുത്തിലും വയറിലുമായാണ് കുത്തേറ്റത്. ഓടിക്കൂടിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.