ബംഗളൂരു: നഗരത്തില്‍ റോഡിലെ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ തന്ത്രവുമായി പൊലീസ്. റോഡുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘത്തിന് രൂപം നല്‍കിയ ബംഗളൂരു പൊലീസ്, വ്യാജ വാഹനാപകടം ഉണ്ടായാല്‍ ഉടൻ നടപടിയെടുക്കാനും പ്രതികളുടെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളില്‍ ഷെയർ ചെയ്യാനും നിർദേശം നല്‍കി.അടുത്തിടെ നടന്ന സംഭവത്തില്‍ രണ്ടു യുവാക്കള്‍ ബൈക്കിലെത്തി കാബ് ഡ്രൈവറെ ആക്രമിച്ചിരുന്നു. ഒരാള്‍ ഡ്രൈവറെ കാറില്‍നിന്നിറക്കാന്‍ ശ്രമിക്കുകയും മറ്റെയാള്‍ കാറിന്‍റെ ബോണറ്റില്‍ കയറി ചവിട്ടുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.
കാറില്‍ യാത്രചെയ്ത വനിതയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം കാറിന്‍റെ റിയർവ്യൂ മിറർ തകർത്തു. പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.സംഭവത്തിന്റെ വിഡിയോ കാറിലെ യാത്രിക മൊബൈലില്‍ പകര്‍ത്തുകയും സംഭവം സമൂഹമാധ്യമത്തില്‍ വൈറല്‍ ആവുകയും ചെയ്തു.മാർച്ച് ഒമ്ബതിന് കെ.ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വിഡിയോയുടെ അടിസ്ഥാനത്തില്‍ കെ.ആർ പുരം പൊലീസ് കേസെടുത്ത് പ്രതികളായ രോഹിത്, മഞ്ചുനാഥ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വിഷയത്തില്‍ ബോധവത്കരണം നടത്താനും ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്. വിഡിയോ ഷെയര്‍ ചെയ്യുന്നതുമൂലം അക്രമികള്‍ തിരിച്ചറിയപ്പെടുകയും വ്യാജ അപകട കേസുകള്‍ കുറക്കാന്‍ ഇതുവഴി സാധിക്കുകയും ചെയ്യുമെന്ന് പൊലീസ് നിരീക്ഷിക്കുന്നു.
നവജാത ശിശുവിനെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ചു; രക്ഷകരായി പൊലീസ്
കുടകില്‍ അജ്ഞാതർ നവജാത ശിശുവിനെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി നാപോക്ലു പൊലീസ് സ്റ്റേഷൻ പരിധിയില്‍ ബാലാമവതി ഗ്രാമത്തിലെ പേരൂരില്‍നിന്നുള്ള ഗ്രാമീണനാണ് പൊലീസ് ഹെല്‍പ് ലൈനായ 112ല്‍ വിളിച്ച് തന്റെ എസ്റ്റേറ്റിലെ ലേബർ ലൈൻ വീട്ടില്‍ ആരോ നവജാത ശിശുവിനെ ഉപേക്ഷിച്ചതായി അറിയിച്ചത്.സ്ഥലത്തെത്തിയ പൊലീസ് ഉടമയുടെ വീട്ടില്‍നിന്ന് 600 മീറ്റർ അകലെ എസ്റ്റേറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ആളൊഴിഞ്ഞ നേരം അജ്ഞാതരായ ചിലർ കുഞ്ഞിനെ ഉപേക്ഷിച്ചുപോയതായി പൊലീസ് പറഞ്ഞു.അവർ ഉടൻ കുട്ടിയെ രക്ഷപ്പെടുത്തി നാപോക്ലു ഗവണ്‍മെന്റ് ആശുപത്രിയിലും തുടർന്ന് മടിക്കേരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.