ബംഗളൂരു: ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയിലും പിന്നീട് ഭീഷണിപ്പെടുത്തി നിരവധിതവണ മറ്റിടങ്ങളിലും പീഡിപ്പിച്ചുവെന്ന കേസില്‍ കാസർകോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി. അമ്ബലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ. സുജിതിനെയാണ് (33) മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പരാതിയില്‍ പറയുന്നത് ഇങ്ങനെ, കഴിഞ്ഞ മാർച്ച് 13ന് ചികിത്സക്കായി സുജിതിനൊപ്പം എത്തിയ യുവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മാർച്ച് 16ന് രാത്രി എട്ട് മണിയോടെ സുജിത് യുവതിയെ ബലം പ്രയോഗിച്ച് ബലാത്സംഗംചെയ്തു. മൊബൈല്‍ ഫോണില്‍ നഗ്ന ചിത്രങ്ങള്‍ പകർത്തുകയുംചെയ്‌തു. യുവതിയെ നഗ്നചിത്രങ്ങള്‍ കാട്ടി ഏപ്രില്‍ നാലിന് മംഗളൂരുവിലേക്ക് വരാൻ നിർബന്ധിക്കുകയും ചെയ്തു.
ഏപ്രില്‍ നാല് മുതല്‍ എട്ട് വരെ നഗരത്തിലെ ഹോട്ടലില്‍ ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്തു. ഏപ്രില്‍ എട്ടിന് ഭക്ഷ്യവിഷബാധയേറ്റ് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മേയ് 10 വരെ ഇവിടെ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ കഴിയുന്നതിനിടെ ഭീഷണിപ്പെടുത്തിയും ഫോട്ടോകള്‍ കാണിച്ചും ഇവിടെയും സുജിത് നിരവധിതവണ ബലാത്സംഗംചെയ്തു. ഇക്കാര്യം മറ്റാരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.