ബംഗളൂരു: വേനല്‍മഴയില്‍ നാശനഷ്ടങ്ങള്‍ തുടരുമ്ബോഴും നഗരത്തില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നതായി ആക്ഷേപം. ഓവുചാലുകള്‍ വൃത്തിയാക്കി മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ പൂർത്തിയാക്കിയില്ലെന്ന് നഗരത്തിലെ റെസിഡൻറ്സ് അസോസിയേഷനുകള്‍ ആരോപിക്കുന്നു. യെലഹങ്കയില്‍ 22 വില്ലകളില്‍ വെള്ളം കയറി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
അടുത്തമാസം ആദ്യവാരം കാലവർഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യം പരിഗണിക്കുമ്ബോള്‍ മഴക്കാലമായാല്‍ നഗരം വെള്ളത്തില്‍ മുങ്ങുമെന്നാണ് ആശങ്ക. സാധാരണയായി മേയ് ആദ്യവാരത്തോടെ നഗരത്തില്‍ ഓവുചാലുകള്‍ വൃത്തിയാക്കുക, അപകടനിലയിലുള്ള മരങ്ങള്‍ വെട്ടിമാറ്റുക തുടങ്ങിയ പ്രവൃത്തികള്‍ പൂർത്തിയാകാറുണ്ട്. എന്നാല്‍ ഇത്തവണ കാര്യമായ നടപടിയൊന്നും കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് പരാതി.
നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള 200 ഇടങ്ങളുണ്ടെന്നാണ് കോർപറേഷന്റെ കണക്ക്. ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നത് കണ്ടെത്താൻ നേരത്തേ സെൻസറുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവയില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂർത്തിയാകുന്നതേയുള്ളൂ.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നതെങ്കിലും മുന്നറിയിപ്പ് സിഗ്നലുകള്‍ ലഭിക്കുമ്ബോള്‍ രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് കോർപറേഷനാണ്.