കർണാടകയിലെ ബെലഗാവിയില്‍ നിന്ന് മുംബയിലേക്ക് പറന്ന വിമാനം അടിയന്തരമായി ഇന്നലെ തിരിച്ചിറക്കി. 48 യാത്രക്കാരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിന്റെ വിമാനം (എസ് 5111) ആണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ നിലത്തിറക്കിയത്.യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. എൻജിനിലുണ്ടായ ഇന്ധനച്ചോർച്ചയിലാണ് സാങ്കേതിക തകരാറുണ്ടായത്. പറന്നുയർന്ന് 15 മിനിറ്റിനകം സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. വളരെ ശ്രമകരമായാണ് പൈലറ്റ് വിമാനം താഴെയിറക്കിയതെന്നാണ് വിവരം. ബംഗളൂരു വഴിയുള്ള കണക്ഷൻ ഫ്ളൈറ്റായിരുന്നു ഇത്. ഉച്ചയ്ക്ക് 2.30ഓടെ മറ്റൊരു വിമാനം ഏർപ്പെടുത്തി, യാത്രക്കാരെ മുംബയിലേക്ക് അയച്ചു. വിമാനങ്ങള്‍ക്ക് അടിക്കടിയുണ്ടാകുന്ന സാങ്കേതി തകരാറുകള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അതിജീവിത തിരിച്ചുവരണമെന്ന് ശ്വേതമേനോൻ
നടി കേസിലെ അതിജീവിത താരസംഘടനയായ അമ്മയിലേക്ക് തിരിച്ചുവരണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അഭ്യർത്ഥന.നടിയെ ആക്രമിച്ച കേസ് ഗൗരവമുള്ളതാണ്. അതിജീവിതയ്ക്കൊപ്പം എല്ലാവരുമുണ്ട്. കേസില്‍ എത്രയും പെട്ടെന്ന് വിധി വരണം. നിയമത്തിലെ പല കാര്യങ്ങളും മാറാൻ സമയമായി.കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല.
അമ്മയെ എങ്ങനെ നന്നാക്കാം എന്നാണ് ആലോചിക്കുന്നത്. സംഘടനയില്‍ നിന്ന് പോയവർ തിരിച്ചെത്തണം. മിക്ക പ്രശ്നങ്ങളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്താല്‍ തീരാവുന്നതേയുള്ളൂ. തുടർനടപടികള്‍ ജനറല്‍ ബോഡി വഴിയാകും നടക്കുകയെന്നും ശ്വേത മേനോൻ പറഞ്ഞു. അതേസമയം, താൻ ഇപ്പോള്‍ അമ്മയില്‍ അംഗമല്ലെന്നും നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ എത്തിയതിനെക്കുറിച്ച് അറിയില്ലെന്നും അതിജീവിത അറിയിച്ചു.