Home Featured ബംഗളൂരു കഫേ സ്ഫോടനം; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി

ബംഗളൂരു കഫേ സ്ഫോടനം; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി

by admin

ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) സെൻട്രല്‍ ക്രൈംബ്രാഞ്ച് ബ്യൂറോയുടെയും (സി.സി.ബി) സംയുക്താഭിമുഖ്യത്തില്‍ തുമകുരുവിലും ബെള്ളാരിയിലും റെയ്ഡ് നടന്നു.

മുഖ്യപ്രതി ഈ സ്ഥലങ്ങളില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വൈറ്റ്ഫീല്‍ഡ് ബ്രൂക്ക് ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ മാർച്ച്‌ ഒന്നിന് സ്ഫോടനം നടത്തിയ ശേഷം പ്രതി ഹൂഡിക്ക് സമീപം വസ്ത്രം മാറിയ ശേഷം ധരിച്ചിരുന്ന തൊപ്പി ഒഴിവാക്കി മറ്റൊന്ന് ധരിച്ച്‌ ബസുകള്‍ മാറിക്കയറി നഗരം വിട്ടെന്നാണ് കണ്ടെത്തല്‍. പൊതുഗതാഗതം ഉപയോഗിച്ചാണ് പ്രതി ഇത്രയും ദിവസം യാത്ര ചെയ്തതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മാർച്ച്‌ അഞ്ചിന് പ്രതി തുമകുരുവില്‍ എത്തിയതായും ബെള്ളാരി, ബിദർ എന്നിവിടങ്ങളിലും ആന്ധ്ര പ്രദേശിലെ മന്ത്രാലയയിലും പ്രതി സഞ്ചരിച്ചതായും അന്വേഷണ സംഘം കരുതുന്നു. പ്രതിയെ കുറിച്ച്‌ നിരവധി സൂചനകള്‍ ലഭിച്ചതായും വൈകാതെ പിടിയിലാവുമെന്നും ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു.

പ്രതി സഞ്ചരിച്ച ബസുകളിലൊന്നില്‍നിന്ന് ഇയാളുടെ വ്യക്തമായ ചിത്രവും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാതെ ബസിന്റെ പിൻസീറ്റിലിരിക്കുന്ന നിലയിലാണ് വിഡിയോ ദൃശ്യം. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സി.സി ടി.വി ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് പ്രതിയിലേക്കെത്താനാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

മുമ്ബ് ബംഗളൂരുവില്‍ നടന്ന സ്ഫോടന കേസുകളില്‍ പ്രതിയായ തടിയന്റവിട നസീറിനും മംഗളൂരു കുക്കർ ബോംബ് സ്ഫോടന കേസ് പ്രതി മുഹമ്മദ് ഷാരിഖിനും ഈ കേസില്‍ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ആറോളം പേർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതിയെ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group