ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ കടത്താൻ ശ്രമം.സംഭവത്തില്‍ രണ്ട് പേർ പിടിയിലായി. റാഫിയ എന്ന യുവതിയും ഇവർക്കൊപ്പം ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയുമാണ് പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ അമ്മയുടെ കണ്ണ് തെറ്റിയ സമയം ഇരുവരും കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. കൃത്യ സമയത്ത് സംഭവം ബന്ധു കണ്ടത് രക്ഷയായി.ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ 5 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഇരുവരും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കുട്ടിയെ കടത്താനുള്ള ഇവരുടെ ശ്രമം ബന്ധു തടഞ്ഞതിനാല്‍ രക്ഷയായി. കുട്ടിയുടെ അമ്മ അസ്മ ശുചിമുറിയില്‍ പോയ സമയത്തായിരുന്നു റാഫിയ കുഞ്ഞിനെ എടുത്തുകൊണ്ടു പോയത്. ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ എത്തുകയും റാഫിയയെ തടഞ്ഞു നിർത്തി ആശുപത്രി ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് റാഫിയയെയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം സർക്കാർ ആശുപത്രിയിലെ ജനറല്‍ വാർഡിലെത്തിയ പ്രതികള്‍ അസ്മയുമായി സൗഹൃദത്തിലായി. ഈ സൗഹൃദം മുതലാക്കിയാണ് ഇവർ കുഞ്ഞിനെ എടുക്കുകയും പിന്നീട് കുട്ടിയുമായി ആശുപത്രിയില്‍ നിന്ന് മുങ്ങാൻ ശ്രമിക്കുകയും ചെയ്തത്. എന്നാല്‍ ബന്ധുവിന്റെ സമയോചിതമായ ഇടപെടലിനാല്‍ തട്ടിക്കൊണ്ട് പോകല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.