Home Featured കൊറോണ യുദ്ധത്തിന് പിന്നാലെ യഥാർത്ഥ യുദ്ധത്തിനൊരുങ്ങി അമേരിക്ക : ചൈനയുടെ സമഗ്രാധിപത്യ ശ്രമവും റഷ്യയുടെ രഹസ്യ നീക്കങ്ങളും നേരിടാൻ മൂന്നു പതിറ്റാണ്ടിനു ശേഷം ആണവ പരീക്ഷണത്തിനൊരുങ്ങി അമേരിക്ക

കൊറോണ യുദ്ധത്തിന് പിന്നാലെ യഥാർത്ഥ യുദ്ധത്തിനൊരുങ്ങി അമേരിക്ക : ചൈനയുടെ സമഗ്രാധിപത്യ ശ്രമവും റഷ്യയുടെ രഹസ്യ നീക്കങ്ങളും നേരിടാൻ മൂന്നു പതിറ്റാണ്ടിനു ശേഷം ആണവ പരീക്ഷണത്തിനൊരുങ്ങി അമേരിക്ക

by admin

കൊറോണാനന്തര കാലം കലാപങ്ങളുടെ കാലമാകുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്യവും തീര്‍ക്കുന്ന അശാന്തി വളര്‍ന്ന് അഭ്യന്തരകലാപങ്ങളും രാജ്യാന്തര യുദ്ധങ്ങളുമായി മാറുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സമീപകാല സംഭവങ്ങള്‍ വിളിച്ചുപറയുന്നത് വെറും കലാപങ്ങളല്ല, ലോകനാശകാരിയായ ആണവയുദ്ധങ്ങള്‍ക്ക് വരെ സാദ്ധ്യതയുണ്ടെന്നാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടകള്‍ക്ക് ശേഷം അമേരിക്കയുടെ ആദ്യ ആണവപരീക്ഷണത്തിനുള്ള ആലോചന ലോകത്തിന് മീതേ വിരിക്കുന്നത് ഒരു ആണവയുദ്ധഭീതിയുടെ കരിനിഴലാണ്.

ലോകത്തില്‍ ഇന്ന് അമേരിക്കയോട് ആയുധശക്തിയില്‍ കിടപിടിക്കാവുന്ന റഷ്യയും ചൈനയും രഹസ്യമായി പല ആണവ പരീക്ഷണങ്ങളും നടത്തുന്നു എന്ന കാരണത്താലാണ് അമേരിക്കയും സ്വയം കല്പിതമായ ആണവപരീക്ഷണ വിലക്ക് നീക്കുവാന്‍ ആലോചിക്കുന്നത്.

ചെറിയ തോതിലാണെങ്കിലും ഈ രണ്ട് രാജ്യങ്ങളും നിരവധി ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ റഷ്യയുമായും ചൈനയുമായും വിലപേശണമെങ്കില്‍ ആണവശക്തി ഒരിക്കല്‍ കൂടി തെളിയിക്കേണ്ടതുണ്ട് എന്ന് അമേരിക്കന്‍ ഭരണകൂടം വിശ്വസിക്കുന്നു.

റഷ്യയും ആണവായുധങ്ങളും

വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഇപ്പോള്‍ റഷ്യയുടെ കൈവശം 6,500 ആണവായുധങ്ങള്‍ ഉണ്ട്. അതുകൂടാതെ 39,967 ടണ്‍ രാസായുധങ്ങളും റഷ്യയുടെ കൈവശമുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ, ആണവായുധങ്ങള്‍ വഹിക്കുവാന്‍ കെല്പുള്ള ആധുനിക മിസൈലുകളും മറ്റും റഷ്യയുടെ പരീക്ഷണ ശാലകളില്‍ തയ്യാറായി വരുന്നു എന്നാണ് പറയുന്നത്.

2019 ആഗസ്റ്റില്‍, ആര്‍ക്ടിക് മേഖലയില്‍ ഒരു റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് റഷ്യന്‍ ആണവ എഞ്ചിനീയര്‍മാര്‍ മരിച്ചിരുന്നു. ആണവോര്‍ജ്ജം ഉപയോഗിച്ചുള്ള റോക്കറ്റ് എഞ്ചിന്റെ പരീക്ഷണം നടക്കുന്നതിനിടയിലാണ് ഈ അപകടം നടന്നത് എന്നായിരുന്നു റഷ്യന്‍ സ്റ്റേറ്റ് ന്യുക്ലിയാര്‍ ഏജന്‍സി അറിയിച്ചത്. അതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ പുറത്തുവിട്ടതുമില്ല.

ഈ സംഭവം നടക്കുന്നത് റഷ്യയുടെ നേവല്‍ ടെസ്റ്റ് റേഞ്ചിലായിരുന്നു. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്രൂയിസ് മിസൈല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പരീക്ഷിച്ചിരുന്നു. ഈ സ്ഫോടനത്തിന് ശേഷം ഇവിടെനിന്നും 40 കി മീ അകലേയുള്ള സെവെറോഡ്വിന്‍സ്‌ക് എന്ന നഗരത്തില്‍ 40 മിനിറ്റ് നേരത്തേക്ക് റേഡിയേഷന്‍ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2018 മാര്‍ച്ചില്‍ പുട്ടിന്‍ റഷ്യന്‍ പാര്‍ലമെന്റില്‍ സൂചിപ്പിച്ച ബുറെവെസ്റ്റ്നിക് മിസൈലുമായി ബന്ധപ്പെട്ട പരീക്ഷണമായിരുന്നു ഇവിടെ നടന്നിരുന്നത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.

ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ റഷ്യയുടെ അവാന്‍ഗ്രാഡ് ഹൈപ്പര്‍സോണിക് മിസൈലുകളുടെ ആദ്യ റെജിമെന്റ് പ്രവര്‍ത്തനക്ഷമമായതായി ഔദ്യോഗിക അറിയിപ്പുണ്ടായി. ശബ്ദത്തേക്കാള്‍ 20 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ മിസൈലുകള്‍ക്ക് ആണവായുധങ്ങള്‍ വഹിക്കുവാനുള്ള കഴിവുമുണ്ട്. പരീക്ഷണ സമയത്ത് 6000 കി. മീ ദൂരം സഞ്ചരിച്ച ഈ മാരക മിസൈലിന്‌അതിന്റെ ഇരട്ടി ദൂരം സഞ്ചരിക്കാനാകുമെന്നാണ് പറയപ്പെടുന്നത്

ചൈനയും ആണവായുധങ്ങളും

ചൈനയുടെ വിജയിച്ച ആദ്യത്തെ ആണവ പരീക്ഷണം നടന്നത് 1964 -ല്‍ ആയിരുന്നു. 1967-ല്‍ അവര്‍ ഹൈഡജന്‍ ബോംബ് പരീക്ഷിച്ചു. ഈ പരീക്ഷണം അവര്‍ 1996 വരെ തുടര്‍ന്ന് പോന്നു. ചൈനയുടെ കൈവശമുള്ള ആണവായുധശേഖരത്തിന്റെ യഥാര്‍ത്ഥ കണക്ക് ഇന്നും രഹസ്യമാണെങ്കിലും ഏകദേശം 260 വാര്‍ഹെഡ്സ് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 2015-ലെ കണക്കാണ്. എന്നാല്‍ യഥാര്‍ത്ഥ ആണവായുധങ്ങളുടെ എണ്ണം ഇതിന്റെ ഇരട്ടിയില്‍ അധികം വരുമെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

1993-ല്‍ രാസായുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കരാറില്‍ ചൈന ഒപ്പ് വച്ചിരുന്നെങ്കിലും പിന്നീട് അവര്‍ തന്നെ അതില്‍ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. 1970 കളില്‍ അല്‍ബേനിയയിലെ അഭ്യന്തരകലാപ സമയത്ത് ചൈന അവര്‍ക്ക് രാസായുധങ്ങള്‍ ചെറിയതോതിലാണെങ്കിലും നല്‍കിയതായി തെളിഞ്ഞിരുന്നു.

1959-ലെ സോവിയറ്റ് ചൈന ബന്ധത്തിന്റെ തകര്‍ച്ചക്ക് ശേഷമായിരുന്നു ചൈന ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്. എങ്കിലും അവരുടെ സാങ്കേതിക വിദ്യ ഏതാണ്ട് മുഴുവന്‍ തന്നെ പഴയ സോവിയറ്റ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ചതായിരുന്നു. ഇന്നും ചൈനീസ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനം പഴയ സോവിയറ്റ് സാങ്കേതിക വിദ്യ തന്നെയാണെങ്കിലും, അതില്‍ കാലാനുസൃതമായ പുരോഗതി കൈവരിക്കാന്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ക്ക് ആയിട്ടുണ്ട് എന്നതാണ് വാസ്തവം.

അമേരിക്കയും ആണവായുധങ്ങളും

ലോകത്തില്‍ ആദ്യമായി ആണവായുധങ്ങള്‍ വികസിപ്പിച്ച രാജ്യം അമേരിക്കയാണ്. മാത്രമല്ല, ആണവായുധങ്ങള്‍ ഒരു യുദ്ധമുഖത്ത് നേരിട്ട് പരീക്ഷിച്ച ലോകത്തിലെ ഒരേയൊരു രാജ്യവും അമേരിക്ക തന്നെ. നാഗസാക്കിയിലേയും ഹിരോഷിമയിലേയും നിലവിളികളില്‍ നിന്നായിരുന്നല്ലോ ആണവായുധ നിരോധനത്തിന്റെ ആദ്യ ആവശ്യമുയര്‍ന്നത്.

ശീതയുദ്ധകാലത്തും അതിന് മുന്‍പുമായി അമേരിക്ക ആയിരത്തോളം ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ദീര്‍ഘദൂര ആണവ മിസൈലുകളും പരീക്ഷിച്ചിട്ടുണ്ട്. 1940 നും 96 നും ഇടയില്‍ ഇന്നത്തെ കണക്കനുസരിച്ച്‌ ഏകദേശം 9.49 ട്രില്ല്യണ്‍ ഡോളറാണ് അമേരിക്ക ആണവായുധങ്ങള്‍ വികസിപ്പിക്കുവാനായി ചെലവിട്ടത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാണ് അമേരിക്ക. അവരുടെ പക്കല്‍ ഏകദേശം 70,000 ന്യുക്ലിയാര്‍ വാര്‍ഹെഡുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാല്‍ ശീതയുദ്ധകാലാനന്തരം അമേരിക്ക ആണവ പരീക്ഷണങ്ങളില്‍ ഒരു മെല്ലേപ്പോക്ക് നയമാണ് സ്വീകരിച്ചിരുന്നത്. ഒരുപക്ഷെ തങ്ങളെ നേരിടാന്‍ തക്ക ശക്തര്‍ ലോകത്ത് നിലവില്‍ ഇല്ല എന്ന വിശ്വാസമായിരിക്കാം അമേരിക്കയെ അതിന് പ്രേരിപ്പിച്ചത്. അത് ഒരു പരിധി വരെ ശരിയുമായിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ആണവായുധങ്ങള്‍ കൈവശമുണ്ടായിരുന്നെങ്കിലും, വിഭജനാന്തര റഷ്യ പട്ടിണിയും ദാരിദ്യവുമായി ഒതുങ്ങിക്കൂടിയ നാളുകളില്‍ അമേരിക്കയുടെ ദാക്ഷിണ്യത്തിനായി കാത്തിരിക്കുകയായിരുന്നല്ലോ. അന്ന് ചൈനയും അമേരിക്കക്കൊപ്പം ആയിരുന്നു.

എന്നാല്‍ കാലം കഴിയുന്തോറും റഷ്യയും ചൈനയും സാവധാനം ശക്തിപ്രാപിച്ചു വരികയായിരുന്നു. ലോകത്തിലെ തന്നെ എണ്ണപ്പെട്ട സാമ്ബത്തിക ശക്തി എന്ന നിലയിലേക്കുള്ള ചൈനയുടെവളര്‍ച്ചയും, ആയുധശക്തി എന്ന നിലയില്‍ റഷ്യയുടെ വളര്‍ച്ചയും അമേരിക്കയെ ആശങ്കയിലാഴ്‌ത്തി. സിറിയയിലും മറ്റും അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിപരീതമായി റഷ്യ ഇടപെട്ടതും അമേരിക്കയെ പ്രകോപിപ്പിച്ചു. അമേരിക്ക സ്വപ്നം കണ്ടിരുന്ന ഏകധ്രുവ ലോകം എന്ന സങ്കല്പം ഒരു സ്വപ്നം മാത്രമായി തീരുമെന്ന് അമേരിക്ക മനസ്സിലാക്കാന്‍ തുടങ്ങി.

കൊറോണയുടെ വരവും ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ ചേരിത്തിരിവും

ഈ സാഹചര്യത്തിലാണ് ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട സാര്‍സ്-കോവിഡ്-2 വൈറസ് ലോകത്താകമാനം മരണതാണ്ഡവം ആരംഭിച്ചത്. ഇതില്‍ ചൈനയെ പ്രതിക്കൂട്ടിലാക്കി ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ പദ്ധതി പക്ഷെ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. യോറോപ്പ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ പല പ്രമുഖ രാഷ്ട്രങ്ങളേയും ചൈനക്കെതിരെയുള്ള പ്രമേയത്തില്‍ ഒപ്പിടുവിക്കാന്‍ സാധിച്ചെങ്കിലും ചൈനയുമായി പൂര്‍ണ്ണമായ ഒരു നിസ്സഹകരണത്തിന് തയ്യാറായ രാഷ്ട്രങ്ങള്‍ തുലോം വിരളമായിരുന്നു.

ഇന്ന് ലോകത്തിലെ എണ്ണം പറഞ്ഞ സാമ്ബത്തിക ശക്തിയായ ചൈനയുമായി പല പ്രധാന രാഷ്ട്രങ്ങള്‍ക്കും അത്രവേഗം മുറിച്ചുമാറ്റാന്‍ പറ്റാത്ത വ്യാപാര ബന്ധങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് ഇറ്റലിയെ പോലുള്ള ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ചൈനയെ പരസ്യമായി തള്ളിപ്പറയാത്തത്. പ്രകൃതിവിഭവങ്ങള്‍ സമൃദ്ധമായ പല ആഫ്രിക്കന്‍ രാഷ്ട്രങ്ങള്ക്കും സാമ്ബത്തിക സഹായമെന്ന കെണിയൊരുക്കി ആ സമ്ബത്ത് മുഴുവനും സ്വന്തമാക്കാനും ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരമൊരു അവസരത്തില്‍ ചൈനക്കെതിരെ ഒരു പ്രത്യക്ഷയുദ്ധമുണ്ടായാല്‍ ആരൊക്കെ കൂടെയുണ്ടാകുമെന്ന് ഉറപ്പാക്കാന്‍ അമേരിക്കയ്ക്ക് ആകുന്നില്ല.

തകര്‍ന്ന സോവിയറ്റ് യൂണിയനിലെ ആ പഴയ റഷ്യയല്ല ഇന്നത്തെ റഷ്യ എന്നതും അമേരിക്ക തിരിച്ചറിയുന്നുണ്ട്. പഴയതുപോലെ അമേരിക്കയ്ക്ക് ഏറാന്മൂളാന്‍ അവരുണ്ടാകില്ല എന്നും അമേരിക്ക തിരിച്ചറിഞ്ഞുകഴിഞ്ഞൂ. ഇന്ന് റഷ്യയും ആഗോളതലത്തില്‍ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള തത്രപ്പാടിലാണ്. സിറിയയിലേയും മറ്റും അവരുടെ ഇടപെടലുകള്‍ അതിന്റെ ഭാഗമായിട്ടായിരുന്നു. മാത്രമല്ല, പല മേഖലകളിലും റഷ്യയും ചൈനയും കൂടുതല്‍ അടുക്കുവാന്‍ തുടങ്ങിയിട്ടുണ്ട് എന്നതും അമേരിക്കയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

നീണ്ട അതിര്‍ത്തികള്‍ പങ്കിടുന്ന റഷ്യയും ചൈനയുമായുള്ള ബന്ധം ക്രമേണ വളര്ന്നു വരികയാണ്. 1990 ല്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കും ഇടയില്‍ നടന്നത് 8 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമായിരുന്നെങ്കില്‍ ഇന്നത് ഏകദേശം 100 ബില്ല്യണ്‍ ഡോളറായി മാറിയിരിക്കുന്നു മാത്രമല്ല, പ്രതിരോധകാര്യങ്ങളിലും ഇവര്‍ തമ്മില്‍ നല്ല രീതിയില്‍ സഹകരിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്.

കൊറോണയ്ക്ക് ശേഷമുള്ള അസ്വസ്ഥത, റാഷ്യയുടെയും ചൈനയുടെയും രഹസ്യ ആണവ പരീക്ഷണങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ വേണം അമേരിക്കയുടെ പുതിയ തീരുമാനത്തെ വിലയിരുത്തേണ്ടത്. ലോകം സമാധാനത്തിലേക്കല്ല പോകുന്നത് എന്ന് അമേരിക്ക കരുതുന്നു എന്നുതന്നെയാണ് ഇതിന്റെ അര്‍ത്ഥം. സ്വയം രക്ഷയ്ക്കും, ഇന്ന് ലോകത്തുള്ള തങ്ങളുടെ സ്ഥാനം കാത്തുസൂക്ഷിക്കുവാനും ആണവായുധങ്ങള്‍ കൂടിയേ തീരൂ എന്നും അവര്‍ കരുതുന്നു. അതായത്, മറ്റൊരു ശീതയുദ്ധത്തിന് തുടക്കമായിരിക്കുന്നു എന്ന് ചുരുക്കം.

പലയുദ്ധങ്ങളും രാഷ്ട്രീയക്കാരുടെ സൃഷ്ടിയാണ് എന്ന് പറയാറുണ്ട്. കയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനും അവരുടെ ശ്രദ്ധ തിരിക്കാനും ആയി ഒരുപാട് യുദ്ധങ്ങള്‍ ലോകചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. കൊറോണാനന്തര കാലഘട്ടത്തിലെ ദുരിതങ്ങളുടെ ഉപോല്പന്നമായി വരാന്‍ സാദ്ധ്യതയുള്ള കലാപങ്ങളില്‍ നിന്നും ജന ശ്രദ്ധതിരിച്ചുവിടാനും ഒരു പക്ഷെ അരെങ്കിലും യുദ്ധത്തെ ആശ്രയിച്ചാല്‍ അത് ഒരുപക്ഷെ അവസാന ലോകമഹായുദ്ധം എന്നറിയപ്പെടും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്



നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/



You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group