Home Featured ഹോമവും പൂജയുമായി അധ്യയന വർഷാരംഭം; ദൃശ്യങ്ങൾ പ്രചരിച്ച് വിവാദമായി; റിപോർട് തേടിയെന്ന് ഡെപ്യൂടി കമീഷനർ

ഹോമവും പൂജയുമായി അധ്യയന വർഷാരംഭം; ദൃശ്യങ്ങൾ പ്രചരിച്ച് വിവാദമായി; റിപോർട് തേടിയെന്ന് ഡെപ്യൂടി കമീഷനർ

മംഗ്‌ളൂരു :മത ചിഹ്നങ്ങൾ വിലക്കിയ കർണാടക ഹൈകോടതി ഉത്തരവ് തലനാരിഴ കീറി നടപ്പാക്കുന്ന സംസ്ഥാനത്ത് പല സ്കൂളുകളിലും അധ്യയന വർഷം ഹോമവും പൂജയുമായി തുടങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. തിങ്കളാഴ്ചയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്.

ദക്ഷിണ കന്നഡ ജില്ലയിൽ വിട്ളക്കടുത്ത പഡിബാഗിലുവിലെ വിദ്യാലയത്തിൽ ഹോമമാണ് നടന്നത്. സുള്ള്യയിലെ പള്ളത്തടുക്ക ഹരിഹര സ്കൂളിലും ബെൽത്തങ്ങാടി പൂഞ്ജലക്കട്ട സ്കൂളിൽ ഹോമവും പ്രത്യേക പൂജയും ഒരുക്കി.അധ്യാപികമാർ ആരതി അർപ്പിക്കുകയും നെറ്റിയിൽ തിലകം ചാർത്തിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.

ക്ലാസ് മുറിയിൽ മതചിഹ്നങ്ങൾ പാടില്ലെന്ന കർണാടക ഹൈകോടതി വിധിയുടെ ചുവടുപിടിച്ച് ശിരോവസ്ത്രം വിലക്ക് ഉറപ്പു വരുത്താൻ 2022-23 അധ്യയന വർഷം പി യു കോളജുകളിലും സ്കൂളുകളിലും യൂനിഫോം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.

കുടക് ജില്ലയിലെ വീരാജ്പേട്ടയിൽ ക്യാംപസിൽ വെടിവെപ്പ് പരിശീലനം, പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച അധ്യായം നീക്കം ചെയ്യുകയും ആർ എസ് എസ് സ്ഥാപകൻ ഹെഗ്ഡെവാറിന്റെ പ്രസംഗം സിലബസിൽ ഉൾപെടുത്തുകയും ചെയ്ത നടപടി തുടങ്ങിയവ വിവാദം ഉയർത്തുന്ന വേളയിലാണ് സ്കൂളുകളിൽ ഹോമവും പൂജയും സംഘടിപ്പിച്ച വിവരങ്ങൾ പുറത്തു വരുന്നത്.

റിപോർട് തേടിയെന്ന് ജില്ല കളക്ടർ:

ഹോമവും പൂജയും നടത്തി സ്കൂളുകളിൽ അധ്യയന വർഷം തുടങ്ങിയ സംഭവങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഉപഡയറക്ടറോട് (ഡിഡിപിഐ) റിപോർട് തേടിയതായി ദക്ഷിണ കന്നഡ ജില്ല ഡെപ്യൂടി കമീഷനർ ഡോ. കെ വി രാജേന്ദ്ര പറഞ്ഞു.

ഹോമവും പൂജയും നടന്നിട്ടുണ്ടോ എന്ന് ബന്ധപ്പെട്ട ബ്ലോക് വിദ്യാഭ്യാസ ഓഫീസർമാരോട് (ബിഇഒ) അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്കൂളുകൾ അലങ്കരിച്ചും നവാഗതരെ പൂക്കളം മധുരവും നൽകി വരവേറ്റും പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം നടത്താനാണ് ഔദ്യോഗിക നിർദേശം നൽകിയതെന്ന് ഡി സി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group