ചെന്നൈ: കോയമ്ബത്തൂർ വിമാനത്താവളത്തിന് സമീപം കോളേജ് വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്.ഞായറാഴ്ച രാത്രിയാണ് സംഭവം. കോയമ്ബത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. യുവതി തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഈ സമയത്ത് സംഘം യുവതിയെ ആക്രമിച്ച് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

അതിജീവിത ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും ഏഴ് പ്രത്യേക സംഘങ്ങള്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സാക്ഷികളെ ചോദ്യം ചെയ്യലും തുടരുകയാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ തമിഴ്നാട്ടില്‍ പൊതുജന ആശങ്ക വർദ്ധിച്ചുവരുന്ന സമയത്താണ് ഈ സംഭവം. അതേ സമയം, ഈ വിഷയത്തെ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികള്‍.കോയമ്ബത്തൂരില്‍ നടന്ന സംഭവം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ പറഞ്ഞു. തമിഴ്നാട്ടില്‍ ഡിഎംകെ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം, സ്ത്രീകള്‍ക്കെതിരായ ഇത്തരം ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ സാമൂഹിക വിരുദ്ധർക്ക് നിയമത്തെയോ പോലീസിനെയോ ഭയമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഡിഎംകെ മന്ത്രിമാർ മുതല്‍ നിയമപാലകർ വരെ ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രവണത വ്യക്തമാണെന്നും അദ്ദേഹം എക്സിലെ പോസ്റ്റിലൂടെ കുറിച്ചു.