പട്‌ന: വിവാഹത്തിനു വിസമ്മതിച്ചതിൻ്റെ പേരില്‍ ആണ്‍സുഹൃത്തിന്റെ ലിംഗം ഛേദിച്ച് വനിതാ ഡോക്ടർ. ബീഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. 26 വയസുകാരിയായ വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തം പുരണ്ട കത്തിയും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പരുക്കേറ്റ 30 വയസുകാരനായ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ രണ്ട് വർഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ യുവതി പൊലീസിനോട് പറഞ്ഞു. വിവാഹം വാഗ്ധാനം ചെയ്ത് തന്നെ പലതവണ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തു. എന്നാല്‍ വിവാഹം കഴിക്കാൻ ഇയാള്‍ തയ്യാറായില്ല. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ താൻ ആണ്‍സുഹൃത്തിനെ ആക്രമിക്കുകയായിരുന്നു എന്നും ഇവർ പൊലീസിനോട് പറഞ്ഞു.
ജൂലായ് ഒന്നിനാണ് ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍, യുവാവ് വിവാഹത്തിനായി കോടതിയിലെത്തിയില്ല. ഇതോടെ താൻ തകർന്നുപോയെന്ന് യുവതി പറഞ്ഞു. തുടർന്ന് യുവാവിനെ ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലിംഗം മുറിച്ചുമാറ്റുകയായിരുന്നു എന്നും യുവതി പൊലീസിനോട് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തനിക്ക് രണ്ട് ഭ്രൂണഹത്യ ചെയ്യേണ്ടിവന്നു എന്നും യുവതി പറഞ്ഞു.
സരണ്‍ ജില്ലയില്‍ മർഹൗര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമില്‍ ഈ മാസം ഒന്നിന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് ഇയാളെ മികച്ച ചികിത്സയ്ക്കായി പാറ്റ്നയിലെ സൃഷ്ടി ആശുപത്രിയിലേക്ക് മാറ്റി.