രാവിലെ ഉണർന്നയുടൻ മൊബൈല്‍ ഫോണില്‍ ഇമെയിലുകളും സോഷ്യല്‍ മീഡിയയും നോക്കി സമയം കളയുന്ന തിരക്കേറിയ പ്രൊഫഷണലുകള്‍ക്കിടയില്‍, തികച്ചും വ്യത്യസ്തമായ ഒരു ജീവിതശൈലിയിലൂടെ ശ്രദ്ധേയയാവുകയാണ് ബെംഗളൂരു സ്വദേശിനിയായ ദിവ്യ മോസസ്.ഉച്ചയ്ക്ക് 12 മണിക്ക് ജോലി ആരംഭിക്കുന്ന അവർ, അതിന് മുൻപുള്ള പ്രഭാത സമയം വീടിനുള്ളില്‍ ഇരുന്നു കളയാൻ തയ്യാറല്ല. പകരം, വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണവും കാപ്പിയും ഒരു പുസ്തകവുമായി നഗരത്തിലെ ശാന്തമായൊരു തടാകക്കരയിലേക്ക് ഇറങ്ങുകയാണ് ദിവ്യയുടെ പതിവ്.പ്രകൃതിയുടെ മടിത്തട്ടില്‍ ചിലവഴിക്കുന്ന ഈ ഏതാനും മണിക്കൂറുകള്‍ പ്രവൃത്തിദിനങ്ങളെ കൂടുതല്‍ ലളിതമാക്കാൻ സഹായിക്കുന്നുവെന്ന് ദിവ്യ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.സ്വന്തം സന്തോഷത്തിനായി സമയം കണ്ടെത്താൻ വലിയ അവധിക്കാലങ്ങളുടെ ആവശ്യമില്ലെന്നും ലോഗിൻ ചെയ്യുന്നതിന് മുൻപുള്ള ഒരു ചെറിയ തീരുമാനം മതിയെന്നുമാണ് ഇവരുടെ പക്ഷം.ഈ വേറിട്ട രീതി സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായപ്പോള്‍, പുലർച്ചെ വരെ ഫോണ്‍ നോക്കുന്നത് കൊണ്ട് തനിക്ക് ഇതിന് സാധിക്കാറില്ലെന്ന് കമന്റ് ചെയ്ത വ്യക്തിയോട് “എങ്കില്‍ രാത്രി മുഴുവൻ ഉറങ്ങാതിരിക്കൂ” എന്ന് തമാശയായി മറുപടി നല്‍കാനും ദിവ്യ മറന്നില്ല.തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും മാനസിക ഉല്ലാസം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു പ്രചോദനമാണ് ദിവ്യയുടെ ഈ രീതി.