Home കർണാടക ബെംഗളൂരു മെട്രോയില്‍ രാത്രിയില്‍ സുരക്ഷയുണ്ടോ? ജീവനക്കാരുടെ കുറവെന്ന് ആരോപണം, നികത്താതെ 480ലധികം ഒഴിവുകള്‍

ബെംഗളൂരു മെട്രോയില്‍ രാത്രിയില്‍ സുരക്ഷയുണ്ടോ? ജീവനക്കാരുടെ കുറവെന്ന് ആരോപണം, നികത്താതെ 480ലധികം ഒഴിവുകള്‍

ബെംഗളൂരു: ദിവസവും ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബെംഗളൂരു നമ്മ മെട്രോയില്‍ ആവശ്യത്തിനുള്ള ജീവനക്കാരുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോർട്ട്.ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) ഓപ്പറേഷൻസ് ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. മിക്ക സ്റ്റേഷനുകളിലും സ്റ്റേഷൻ കണ്‍ട്രോളർമാരില്ലാതെ രാത്രി ഷിഫ്റ്റുകളില്‍ പ്രവർത്തിക്കുന്നുണ്ട്.നമ്മ മെട്രോയുടെ ഓപ്പറേഷൻസ്, മെയിന്റനൻസ് മേഖലകളിലായി 480ലധികം ഒഴിവുകള്‍ നികത്തപ്പെടാതെ തുടരുകയാണ്. ഇതോടെ രാത്രി ഷിഫ്റ്റില്‍ (രാത്രി 9.30 മുതല്‍ രാവിലെ 6.30 വരെ) ഏകദേശം 70 മുതല്‍ 80 ശതമാനം സ്റ്റേഷനുകളും സ്റ്റേഷൻ കണ്‍ട്രോളറില്ലാതെ പ്രവർത്തിക്കേണ്ട അവസ്ഥയാണുള്ളത്.

ബിഎംആർസിഎല്ലില്‍ സ്റ്റേഷൻ കണ്‍ട്രോളർ – ട്രെയിൻ ഓപ്പറേറ്റർ തസ്തികകളിലേക്ക് ഏകദേശം 200 ഒഴിവുകളും സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷൻസ്, ട്രാക്ഷൻ, മറ്റ് സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ മെയിന്റനൻസ് വകുപ്പുകളിലായി 280 ഒഴിവുകളുമുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നുണ്ട്.നമ്മ മെട്രോ ബെംഗളൂരു നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ആവശ്യത്തിനുള്ള ജീവനക്കാരുടെ എണ്ണം തിരിച്ചടിയാകുന്നത്. ബെംഗളൂരു മെട്രോ ഇപ്പോള്‍ 96 കിലോമീറ്റർ ശൃംഖലയിലുടനീളം 83 സ്റ്റേഷനുകള്‍ പ്രവർത്തിപ്പിക്കുന്നുണ്ട്. രാവിലെ 5 മുതല്‍ രാത്രി 11 വരെയാണ് സർവീസ്.ഏറെ യാത്രക്കാരുള്ള പിങ്ക് ലൈനില്‍ കലേന അഗ്രഹാരയ്ക്കും തവരേക്കരെയ്ക്കും ഇടയിലുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാത ഓഗസ്റ്റ് 15ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ബ്ലൂ ലൈനില്‍ (സെൻട്രല്‍ സില്‍ക്ക് ബോർഡ് – കെആർ പുര) പ്രവർത്തനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാനും ബിഎംആർസിഎല്‍ പദ്ധതിയിടുന്നുണ്ട്.ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ കർണാടക പരീക്ഷാ അതോറിറ്റിക്ക് (കെഇഎ) ബിഎംആർസിഎല്‍ റിക്രൂട്ട്‌മെന്റ് നിർദേശം അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ നിയമനം വൈകി.

സ്റ്റേഷൻ കണ്‍ട്രോളർമാരെ മൂന്ന് ഷിഫ്റ്റുകളിലായി വിന്യസിക്കേണ്ടതാണെങ്കിലും ജീവനക്കാരുടെ കുറവ് കാരണം മിക്ക സ്റ്റേഷനുകളിലും രാത്രി ഷിഫ്റ്റില്‍ ജീവനക്കാരില്ലാത്ത അവസ്ഥയാണുള്ളത്. സ്റ്റേഷൻ കണ്‍ട്രോളർ ഇല്ലാത്ത സ്റ്റേഷനില്‍ ഒരു അനിഷ്ട സംഭവം നടന്നാല്‍ അടുത്തുള്ള സ്റ്റേഷനില്‍ നിന്നുള്ള കണ്‍ട്രോളർ അവിടെ എത്തണം. രാത്രി 9.30ന് ശേഷം മിക്ക സ്റ്റേഷനുകളിലും ടിക്കറ്റിങ് ജീവനക്കാരും സുരക്ഷാ ജീവനക്കാരും മാത്രമേ ഉണ്ടാകൂ എന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.അലാറങ്ങള്‍ നിരീക്ഷിക്കുക, ഓപ്പറേഷൻസ് കണ്‍ട്രോള്‍ സെന്ററുമായും (OCC) ഫീല്‍ഡ് സ്റ്റാഫുമായും പ്രവർത്തനം ഏകോപിപ്പിക്കുക, അടിയന്തരമായ സാഹചര്യം കൈകാര്യം ചെയ്യുക, സുരക്ഷിതമായ ട്രെയിൻ മെട്രോ സർവീസ്, അറിയിപ്പുകള്‍ നല്‍കുക, ട്രാക്കിലെ അപകടങ്ങള്‍, വെള്ളപ്പൊക്കം, തീപിടിത്തം തുടങ്ങിയ നിർണായക സാഹചര്യങ്ങള്‍ റിപ്പോർട്ട് ചെയ്യേണ്ടത് സ്റ്റേഷൻ കണ്‍ട്രോളർമാരാണ്.

You may also like

error: Content is protected !!
Join Our WhatsApp Group